വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി രാജ്യത്ത് 'വാഹന്‍ സാരഥി' സോഫ്റ്റ്വേര്‍ ഏര്‍പ്പെടുത്തിയതോടെ, കുടിശ്ശികയില്ലാ സര്‍ട്ടിഫിക്കറ്റ് സൗജന്യം. വാഹനം വില്‍ക്കുന്നതിന് ഈ സര്‍ട്ടിഫിക്കറ്റ് വേണം. ഇതുകിട്ടാന്‍ അപേക്ഷമാത്രം മതി. ഒരു രൂപപോലും ഫീസ് അടയ്‌ക്കേണ്ട.
'വാഹന്‍ സാരഥി' നടപ്പാക്കുന്നതിനുമുന്‍പ് കേരളത്തില്‍ 'സ്മാര്‍ട്ട് മൂവ്' സോഫ്റ്റ്വേറിലൂടെയായിരുന്നു വാഹനസംബന്ധമായ സേവനങ്ങള്‍ ലഭിച്ചിരുന്നത്. അക്കാലത്ത് വണ്ടി വില്‍ക്കുമ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ക്കും ബൈക്കുകള്‍ക്കും കാറുകള്‍ക്കും കുടിശ്ശികയില്ലാ സര്‍ട്ടിഫിക്കറ്റ് വേണ്ടിയിരുന്നില്ല.
ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കുമാത്രം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് മതിയായിരുന്നു. വാഹന്‍ സാരഥി വന്നതോടെ കുടിശ്ശികയില്ലാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പഴയ വാഹനം വില്‍ക്കാനോ, വാങ്ങാനോ, ഉടമസ്ഥതാവകാശം മാറ്റാനോ കഴിയില്ല.
വാഹനങ്ങള്‍ക്ക് പിഴയോ ക്ഷേമനിധിയോ ഹരിതനികുതിയോ അടയ്ക്കാനുണ്ടെങ്കില്‍ കുടിശ്ശികയില്ലാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. പിഴ ഒടുക്കിയാലേ കുടിശ്ശികയില്ലാ സര്‍ട്ടിഫിക്കറ്റ് വാങ്ങി ഉടമസ്ഥതാമാറ്റം നടത്താനാകൂ. വാഹന്‍സാരഥിയിലൂടെ കുടിശ്ശികയുണ്ടോ ഇല്ലയോ എന്ന് അറിയാനാകും. ഭൂരിപക്ഷം വാഹനങ്ങള്‍ക്കും പിഴയൊന്നുമുണ്ടാകില്ല.
എന്നാല്‍ അന്വേഷിക്കാന്‍ മിനക്കെടാതെ ഏജന്റുമാരെ സമീപിക്കുകയാണ് കൂടുതല്‍പ്പേരും ചെയ്യുന്നത്. ബൈക്കിന് 1,500-ഉം കാറിന് 2,000 മുതല്‍ 2,500 രൂപയും വരെ ഏജന്റുമാര്‍ കമ്മിഷന്‍ വാങ്ങുന്നതായാണ് ആക്ഷേപം. ബസ്, ലോറി പോലുള്ള വലിയ വാഹനങ്ങള്‍ക്ക് ഇതിനേക്കാള്‍ കൂടുതലും. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ആര്‍.ടി.ഓഫീസുകളിലും ബന്ധപ്പെട്ട വകുപ്പിലും ലഭിക്കുന്നത്.
ഉടന്‍ നടപടി
കുടിശ്ശികയില്ലാ സര്‍ട്ടിഫിക്കറ്റ് പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ വിവിധ പ്രശ്‌നങ്ങള്‍ വകുപ്പ് മനസ്സിലാക്കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിലൂടെ ജനം കബളിപ്പിക്കപ്പെടാന്‍ പാടില്ല. ഈ സര്‍ട്ടിഫിക്കറ്റ് വേണ്ടാത്തവിധം കാര്യങ്ങള്‍ നീക്കാനുള്ള നടപടികളെപ്പറ്റി ഗൗരവമായി ആലോചിക്കുന്നുണ്ട് -രാജീവ് പുത്തലത്ത്, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍.
വാങ്ങുന്നത് ചെലവ് കൂടുതലായതിനാല്‍
ഏജന്റുമാര്‍ കുടിശ്ശികയില്ലാ സര്‍ട്ടിഫിക്കറ്റിനായി വിവിധ ഓഫീസുകള്‍ കയറിയിറങ്ങേണ്ടതുണ്ട്. ജില്ലകള്‍ മാറിപ്പോകേണ്ടിയുംവരും. ഇതിനൊക്കെ ചെലവ് കൂടുതലായതിനാലാണ് പണം വാങ്ങുന്നത്. അമിത ഫീസല്ല വാങ്ങുന്നത്
-എസ്.മധുസൂദന്‍ പിള്ള, സെക്രട്ടറി, ഓള്‍ കേരള ഓട്ടോ കണ്‍സള്‍ട്ടന്റ്സ് വര്‍ക്കേഴ്സ് അസോസിയേഷന്‍ (സി.ഐ.ടി.യു.)
Content Highlights: Non-Liability Certificate For Vehicle Sale