ചെന്നൈ: രാഷ്ട്രീയപ്പാര്‍ട്ടികള്‍ വാഹനങ്ങളില്‍ പാര്‍ട്ടിയുടെ പതാക സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് തമിഴ്‌നാട് സംസ്ഥാന ഗതാഗതവകുപ്പ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുമ്പില്‍വന്ന പൊതുതാത്പര്യഹര്‍ജി പരിഗണിച്ചപ്പോഴാണ് ഗതാഗത വകുപ്പില്‍നിന്ന് കോടതി വിശദീകരണം ചോദിച്ചത്. ആഭ്യന്തരവകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരോടും വിഷയത്തില്‍ കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മറുപടിയായാണ് മോട്ടോര്‍ വാഹനനിയമത്തില്‍ പതാക സ്ഥാപിക്കുന്നതിന് നിയമം അനുവദിക്കുന്നില്ലെന്ന് ഗതാഗത വകുപ്പ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
നേതാക്കളുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതും പാര്‍ട്ടിയിലെ സ്ഥാനം വാഹനത്തില്‍ എഴുതുന്നതും നിയമവിരുദ്ധമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ജസ്റ്റിസുമാരായ കൃപാകരന്‍, എസ്.എസ്. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേസ് അടുത്തദിവസം വീണ്ടും പരിഗണിക്കും. വാഹനങ്ങളില്‍ പാര്‍ട്ടിപതാക സ്ഥാപിക്കുന്നതും നേതാക്കളുടെ ചിത്രം വെക്കുന്നതും തമിഴ്നാട്ടില്‍ സാധാരണമാണ്.
Content Highlights; No provisions in Motor vehicle act allowing party flags on vehicles