ചാലക്കുടി: മോട്ടോര്‍വാഹന വകുപ്പ് ചാലക്കുടി സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയില്‍ ലൈസന്‍സില്ലാതെ, മൂന്നുപേരുമായി ബൈക്ക് ഓടിച്ചതിന് ഉടമയില്‍നിന്ന് 11,000 രൂപ പിഴ ഈടാക്കി. ഉദ്യോഗസ്ഥര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ, നമ്പര്‍ പ്രദര്‍ശിപ്പിക്കാത്ത വണ്ടിയുമായി പോയ കോടാലി മൂന്നുമുറി സ്വദേശിയെ കണ്ടെത്തി 5000 രൂപ പിഴയിട്ടു.
ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ച 15 പേരെ പിടിച്ചു. ഇവര്‍ക്ക് 500 രൂപ പിഴയോടൊപ്പം മൂന്നുമാസം ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. ലൈസന്‍സ് റദ്ദാക്കാന്‍ ജോ. ആര്‍.ടി.ഒ.യ്ക്ക് ശുപാര്‍ശചെയ്തു. വിദ്യാര്‍ഥികളാണ് നിയമലംഘകരില്‍ ഭൂരിഭാഗവും.
ചാലക്കുടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് അമിതഭാരം കയറ്റിയ നാല് ലോറികള്‍ പിടിച്ചെടുത്തു. ലോറികള്‍ ഓരോന്നിനും ഏകദേശം 25,000 രൂപ വീതം പിഴ ഈടാക്കും.
ചാലക്കുടി, വെള്ളിക്കുളങ്ങര, കോടാലി, മൂന്നുമുറി എന്നിവിടങ്ങളിലാണ് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ഷാജി മാധവന്റെ നിര്‍ദേശാനുസരണം മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനപരിശോധന നടത്തിയത്. എം.വി.ഐ. അബ്ദുള്‍ ജെലീല്‍, എ.എം.വി.ഐ.മാരായ കെ.ആര്‍. രഞ്ജന്‍, സി.സി. വിനേഷ്, തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Content Highlights; no licence three people on bike, fined 11000 rupees