ഗതാഗത നിയമലംഘനങ്ങളുടെ പിഴ ഉയര്‍ത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി. ഉയര്‍ന്ന പിഴത്തുക സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. വിവിധ കുറ്റങ്ങള്‍ക്ക് വന്‍തോതില്‍ പിഴ ഉയര്‍ത്തിയതാണ് ഭേദഗതി.
മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപവരെ പിഴ ലഭിക്കാം. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിച്ചില്ലെങ്കില്‍ 1000 രൂപ. ലൈസന്‍സില്ലാതെ വാഹമോടിച്ചാലും മത്സരയോട്ടത്തിനും 5000 രൂപ പിഴയീടാക്കും.
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാലും 5000 രൂപയുടെ പിഴശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. അമിതഭാരം, അനുവദിച്ചതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുക എന്നിവയ്ക്കും പിഴ ഉയര്‍ത്തി.
ഗതാഗതവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഇനി രണ്ടായിരംരൂപ പിഴയൊടുക്കണം. ഇപ്പോള്‍ അഞ്ഞൂറു രൂപയാണു പിഴ. പ്രായപൂര്‍ത്തിയാകാത്തവര്‍ നിയമലംഘനം നടത്തിയാല്‍ രക്ഷാകര്‍ത്താവോ വണ്ടിയുടമയോ കുറ്റക്കാരാകും.
രജിസ്ട്രേഷന്‍ റദ്ദാക്കലിനു പുറമെ കാല്‍ലക്ഷംരൂപ പിഴയും മൂന്നുവര്‍ഷം തടവും ലഭിക്കും. ആംബുലന്‍സിനു വഴിമാറിയില്ലെങ്കില്‍ പതിനായിരം രൂപ പിഴയുണ്ടാകും.
ചട്ടലംഘനം നടത്തി അയോഗ്യത കല്പിക്കപ്പെട്ട സമയത്ത് അതുലംഘിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പതിനായിരം രൂപ പിഴയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതിവേഗത്തിനുള്ള പിഴ ആയിരത്തില്‍നിന്ന് രണ്ടായിരമായി കൂട്ടും.
വാഹനാപകടത്തില്‍ മരിച്ചാല്‍ അഞ്ചുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റാല്‍ രണ്ടര ലക്ഷവും നഷ്ടപരിഹാരം നല്‍കാനാണ് ബില്ലിലെ ശുപാര്‍ശ. ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള കാലാവധി ഒരു മാസത്തില്‍ നിന്ന് ഒരു വര്‍ഷമായും ഉയര്‍ത്തി.
Content Highlights: New Penalties Suggested In Motor Vehicle Amendment Bill