ഇന്ന് മുതല്‍ ബൈക്ക്, കാറുകള്‍, സ്വകാര്യ സര്‍വീസ് വാഹനങ്ങള്‍ എന്നിവയ്ക്ക് വിലകൂടും. അഞ്ചുലക്ഷം രൂപവരെയുള്ള കാറുകള്‍ക്ക് അഞ്ച് ശതമാനമായിരുന്ന നികുതി ആറ് ശതമാനമായി വര്‍ധിക്കും. പത്തു ലക്ഷം രൂപ വരെ വിലയുള്ള കാറുകള്‍ക്കും ഒരു ശതമാനം നികുതി കൂടും.
അതുപോലെ, ഒരുലക്ഷം രൂപവരെ വിലവരുന്ന ഇരുചക്ര വാഹനത്തിന്റെ നികുതി നിലവിലെ എട്ടു ശതമാനത്തില്‍നിന്ന് ഒമ്പത് ശതമാനവും രണ്ടുലക്ഷം വരെ വിലയുള്ളവയ്ക്ക് പത്തില്‍നിന്ന് 11 ശതമാനവും അതിനു മുകളില്‍ 20-ല്‍നിന്ന് 21 ശതമാനമായും നികുതി കൂടും.
ഉത്പാദനച്ചെലവ് കൂടിയതിനാല്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വാഹന കമ്പനികള്‍ വരുത്തുന്ന വര്‍ധന ഇതിന് പുറമെ വരും. മിക്ക കമ്പനികളും ഇതിനോടകംതന്നെ വില ഉയര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 25,000 രൂപ വരെ വില ഉയര്‍ത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പാസഞ്ചര്‍ വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും 0.50 മുതല്‍ 2.7 ശതമാനം വരെ വില വര്‍ധിപ്പിക്കുന്നുണ്ട്. 5,000 രൂപ മുതല്‍ 73,000 രൂപ വരെയാണ് കൂടുക.
റെനോയുടെ ക്വിഡിന് വില മൂന്ന് ശതമാനം വരെ ഉയരും. ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ചില മോഡലുകള്‍ക്ക് നാല് ശതമാനം വരെ വില ഉയര്‍ത്തുമെന്നും അറിയിച്ചിട്ടുണ്ട്. ടൊയോട്ടയും വാഹനങ്ങളുടെ വില ഏപ്രില്‍ ഒന്നു മുതല്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ എത്ര മാത്രമാണ് വില ഉയര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചിട്ടില്ല.
നിസാന്‍ ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് ഏപ്രില്‍ മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. നാല് ശതമാനം വരെയാണ് വില വര്‍ധന.
മാരുതി, ഹ്യൂണ്ടായി, ബി.എം.ഡബ്ല്യൂ, ഫോക്സ്വാഗണ്‍ തുടങ്ങിയ മോഡലുകള്‍ ജനുവരിയില്‍ വില ഉയര്‍ത്തിയിരുന്നു. ഇരുചക്ര വാഹന കമ്പനിയായ കവാസാക്കി ഏപ്രില്‍ ഒന്നുമുതല്‍ തിരഞ്ഞെടുത്ത മോഡലുകളുടെ വില ഉയര്‍ത്തും.
Content Highlights: New Financial Year; Vehicle Price Increased