മോട്ടോര്‍ വാഹനവകുപ്പിന്റെ പുതുക്കിയ പിഴ നിലവില്‍വന്ന് രണ്ട് ദിവസത്തിനകം ബെംഗളൂരു സിറ്റി ട്രാഫിക് പോലീസിന് പിഴയിനത്തില്‍ ലഭിച്ചത് 31.11 ലക്ഷം രൂപ. ഈ ദിവസങ്ങളില്‍ ഗതാഗത നിയമ ലംഘനത്തിന് 2,978 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ട്രാഫിക് എ.സി.പി. ബി.ആര്‍. രവികാന്തെ ഗൗഡ പറഞ്ഞു.
ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനങ്ങളോടിച്ചതിനും സീറ്റ് ബെല്‍റ്റില്ലാതെ കാറോടിച്ചതിനുമാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വാഹനപരിശോധന കര്‍ശനമാക്കിയതാണ് കൂടുതല്‍ പിഴത്തുക ലഭിച്ചതെന്നും എ.സി.പി. പറഞ്ഞു.
സ്‌കൂള്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ സ്ഥല സൗകര്യം സ്‌കൂള്‍ അധികൃതര്‍ ഒരുക്കണമെന്ന് ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു. നിലവില്‍ പല സ്‌കൂളുകളുടെയും മുമ്പിലുള്ള റോഡുകളില്‍ സ്‌കൂള്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്.
പലയിടത്തും റോഡിലേക്ക് കയറ്റിയാണ് സ്‌കൂള്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത് മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു. സ്‌കൂള്‍ ബസുകള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 'ടോവ്' ചെയ്യുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ ഭാസ്‌കര്‍ റാവു പറഞ്ഞു. മെയിന്‍ റോഡുകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളും ടോവ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികം യാത്രക്കാര്‍ കയറിയതിന് 3,200 രൂപ, അനധികൃത പാര്‍ക്കിങ്ങിന് 13000 രൂപ, ഹെല്‍മെറ്റില്ലാത്തതിന് 11,21,000 രൂപ, സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 141000 രൂപ, അതിവേഗത്തിന് 15,000 രൂപ, നിരോധിതമേഖലയില്‍ ഹോണടിച്ചതിന് 22,000 രൂപ, യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 23,000 രൂപ, ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 26,000 രൂപ, വണ്‍വേ തെറ്റിച്ചതിന് 98000 രൂപ എന്നിങ്ങനെയാണ് പിഴ ഈടാക്കിയത്.
ഹെല്‍മെറ്റില്ലാത്തതിന് 1,518 പേര്‍ക്കെതിരേ കേസെടുത്തു. പുതുക്കിയ നിയമമനുസരിച്ച് ഹെല്‍മെറ്റില്ലെങ്കില്‍ വാഹനം ഓടിക്കുന്നവരും പിറകിലിരിക്കുന്നവരും 1,000 രൂപ വീതം പിഴ നല്‍കണം. പിഴത്തുക വര്‍ധിപ്പിച്ചത് നിയമലംഘനം കുറയ്ക്കാന്‍ ഉപകരിക്കുമെന്ന് ബി.ആര്‍. രവികാന്തെ ഗൗഡ പറഞ്ഞു.
Content Highlights: MVD Gets 30 Lakh Rupees Fine For Traffic Rule Violations