മുംബൈ: അനധികൃത പാര്‍ക്കിങ്ങിന് ഭീമന്‍പിഴ ചുമത്തിയ മുംബൈ നഗരസഭ കോര്‍പ്പറേഷന്‍ മേയറേയും വെറുതെ വിട്ടില്ല. വിലേ പാര്‍ലേയില്‍ നോ പാര്‍ക്കിങ് ബോര്‍ഡിന് തൊട്ടുതാഴെ ഔദ്യോഗികവാഹനം നിര്‍ത്തിയതിനാണ് നഗരപിതാവ് വിശ്വനാഥ് മഹാദേശ്വര്‍ക്ക് നഗരസഭാ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പിഴ ചുമത്തിയത്.
ശനിയാഴ്ച വൈകീട്ട് വിലേ പാര്‍ലേയിലെ കോല്‍ദംഗരി മേഖല സന്ദര്‍ശിക്കാന്‍ പോയതായിരുന്നു ശിവസേനാ നേതാവുകൂടിയായ മേയര്‍. അദ്ദേഹം പുറത്തിറങ്ങിയ ഉടന്‍ ഔദ്യോഗികവാഹനം വിലേ പാര്‍ലേയ്ക്കും അന്ധേരിക്കുമിടയില്‍ തിരക്കേറിയ ഭക്ഷണശാലയ്ക്കുസമീപമുള്ള റോഡില്‍ നിര്‍ത്തിയിട്ടു. വീതികുറഞ്ഞ ഈ പാത പാര്‍ക്കിങ് നിരോധിതമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃത പാര്‍ക്കിങ് ശ്രദ്ധയില്‍പ്പെട്ട ഉടനെ ട്രാഫിക് പോലീസ് ഇക്കാര്യം മുകളില്‍ അറിയിച്ചു. തിങ്കളാഴ്ച ബി.എം.സി. അധികൃതര്‍ നടപടിയെടുക്കുകയും ചെയ്തു.
മേയര്‍ക്ക് എത്ര രൂപയാണ് പിഴ ചുമത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. അനധികൃത പാര്‍ക്കിങ്ങിനുള്ള വര്‍ധിപ്പിച്ച പിഴ ജൂലായ് ഏഴിനാണ് മുംബൈ നഗരത്തില്‍ പ്രാബല്യത്തില്‍ വന്നത്. പുതിയ നിരക്കുപ്രകാരം ഇരുചക്ര വാഹനങ്ങള്‍ക്ക് 5,000 രൂപ വരെയും കാറുകള്‍ക്ക് 10,000 രൂപ വരെയും വലിയ വാഹനങ്ങള്‍ക്ക് 15,000 രൂപ വരെയുമാണ് പിഴ. വണ്ടികള്‍ കെട്ടിവലിച്ചു മാറ്റാനുള്ള കൂലിയും തുകയടയ്ക്കാന്‍ വൈകിയാലുള്ള പിഴയും ചേരുമ്പോള്‍ വലിയ വാഹനങ്ങളുടെ നിരക്ക് 23,250 രൂപ വരെയായി ഉയരും.
മേയറില്‍നിന്ന് ചുരുങ്ങിയത് 10,000 രൂപ പിഴയീടാക്കണമെന്ന് എന്‍.സി.പി. നേതാവ് ജയന്ത് പാട്ടീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ക്കിങ് നിരോധിത മേഖലയില്‍ തന്റെ വണ്ടി പാര്‍ക്ക് ചെയ്തിട്ടില്ലെന്നാണ് മേയര്‍ വിശ്വനാഥ് പറയുന്നത്. ഇറങ്ങാന്‍വേണ്ടി ഏതാനും നിമിഷങ്ങള്‍ നിര്‍ത്തിയതേയുള്ളൂ. എങ്കിലും താന്‍ നിയമം അനുസരിക്കുമെന്നും പിഴയടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ 26 അംഗീകൃത പാര്‍ക്കിങ് സ്ഥലങ്ങളുടെയും 20 ബെസ്റ്റ് ഡിപ്പോകളുടെയും 500 മീറ്റര്‍ ചുറ്റളവിലാണ് ആദ്യഘട്ടത്തില്‍ വര്‍ധിച്ച പിഴ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഘട്ടം ഘട്ടമായി ഇത് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. നിര്‍ത്തിയിട്ട വാഹനത്തിന്റെ മൂല്യവും സ്ഥലത്തിന്റെ വാണിജ്യപ്രാധാന്യവും കണക്കിലെടുത്താവും പിഴസംഖ്യ തീരുമാനിക്കുക. ഈ സ്ഥലങ്ങളില്‍ നഗരസഭ നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
Content Highlights; Mumbai mayor fined for parking in no parking zone