മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങളുടെ രജിസ്ട്രേഷനും ലൈസന്‍സ് നല്‍കുന്നതിനുമായി ഉപയോഗിച്ചു വരുന്ന 'സ്മാര്‍ട് മൂവ്' എന്ന സോഫ്ട്വെയറിന്റെ ഉപയോഗവും പ്രവര്‍ത്തനവും ഈ മാസം അവസാനിപ്പിക്കും. മേയ് ഒന്നുമുതല്‍ പൂര്‍ണമായും കേന്ദ്രീകൃത വെബ് അധിഷ്ഠിത സംവിധാനമായ 'വാഹന്‍ സാരഥി'യിലേക്ക് മാറും.
നിലവിലെ സംവിധാനം വഴി താത്കാലിക രജിസ്ട്രേഷന്‍ ചെയ്തശേഷം സ്ഥിരരജിസ്ട്രേഷന് വാഹനം ഹാജരാക്കാത്തവര്‍ 30-നകം അതത് ആര്‍.ടി. ഓഫീസുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
30-ന് ശേഷം നിലവിലെ താത്കാലിക രജിസ്ട്രേഷന്‍ ഉപയോഗിച്ച് വാഹനങ്ങളുടെ സ്ഥിര രജിസ്ട്രേഷന്‍ നടത്താന്‍ കഴിയില്ല. തുടര്‍ന്ന്, ഈ വാഹനങ്ങള്‍ പൊതുനിരത്തില്‍ ഉപയോഗിക്കാനും സാധിക്കില്ല.
സ്മാര്‍ട് മൂവ് വഴി ലേണേഴ്സ് ലൈസന്‍സ് കരസ്ഥമാക്കി ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാത്തവര്‍ ഉടന്‍ അതത് ഓഫീസുകളുമായി ബന്ധപ്പെട്ട് അപേക്ഷകളില്‍ നടപടി പൂര്‍ത്തീകരിക്കണമെന്നും മോട്ടര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.
രാജ്യത്താകെ വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സുകളും ഏകീകരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളാണ് വാഹന്‍, സാരഥി എന്നിവയെന്ന് ഉഴവൂര്‍ ജോയിന്റ് ആര്‍.ടി.ഒ. പി.എന്‍.അംബികാദേവി പറഞ്ഞു.
'വാഹന്‍' വാഹന രജിസ്‌ട്രേഷനും 'സാരഥി' ഡ്രൈവിങ് ലൈസന്‍സ് സംബന്ധിച്ച ആവശ്യങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നത്. 'സാരഥി' നടപ്പാക്കുന്നതോടെ പഴയ ലൈസന്‍സിന്റെ രൂപംമാറും.
'സാരഥി' ലൈസന്‍സില്‍ ആറ് സുരക്ഷാ സംവിധാനങ്ങള്‍
'സാരഥി'വഴി നല്‍കുന്ന ലൈസന്‍സില്‍ ക്യു.ആര്‍.കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോ ലൈന്‍, മൈക്രോ ടെക്സ്റ്റ്, യു.വി.എംബ്ലം, ഗൈല്ലോച്ച പാറ്റേണ്‍ എന്നിങ്ങനെ ആറ് സുരക്ഷാ സംവിധാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വ്യക്തിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും ലൈസന്‍സില്‍ ഉള്‍പ്പെടുത്തും.
കാര്‍ഡിന്റെ മുന്‍വശത്ത് സംസ്ഥാന സര്‍ക്കാരിന്റെ മുദ്ര, ഹോളോഗ്രാം, വ്യക്തിയുടെ ചിത്രം, രക്തഗ്രൂപ്പ് എന്നിവയുണ്ടാവും. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ലൈസന്‍സിയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അറിയാനാവും.
Content Highlights: Motor Vehicle Department, Vahan Software, Vehicle Registration And Licence