ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് ബെംഗളൂരുവില്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഒലയുടെ ലൈസന്‍സ് ആറുമാസത്തേക്ക് ആര്‍.ടി.ഒ. റദ്ദാക്കി. ഇതോടെ അടുത്ത ആറു മാസത്തേക്ക് ഒലയ്ക്ക് കാര്‍, ഓട്ടോ, ബൈക്ക് ഉള്‍പ്പെടെയുള്ള ഒരു സര്‍വീസും നടത്താന്‍ സാധിക്കില്ല.
ഒല അനധികൃതമായി ബൈക്ക് ടാക്സി സര്‍വീസ് നടത്തിയത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ആറു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കിയുള്ള ഉത്തരവ് മാര്‍ച്ച് 18-ന് ഗതാഗതവകുപ്പ് പുറപ്പെടുവിച്ചെങ്കിലും വെള്ളിയാഴ്ചയാണ് ഒല അധികൃതര്‍ വിവരം അറിഞ്ഞത്.
ഉത്തരവ് ലഭിച്ച് മൂന്നു ദിവസത്തിനുള്ളില്‍ ലൈസന്‍സ് ആര്‍.ടി.ഒ.യില്‍ ഹാജരാക്കണം. വെള്ളിയാഴ്ച മുതല്‍ ഒലയില്‍ ബുക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ഗതാഗതവകുപ്പ് ജോ. കമ്മിഷണര്‍ അറിയിച്ചു.
സംസ്ഥാനത്ത് ബൈക്ക് ടാക്‌സിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെങ്കിലും ഒല, റാപ്പിഡോ എന്നീ കമ്പനികള്‍ അനധികൃതമായി ബൈക്ക് ടാക്സി സര്‍വീസ് നടത്തിവരികയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ അനധികൃതമായി സര്‍വീസ് നടത്തിയ 500 ബൈക്ക് ടാക്സികള്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.
ഇതേത്തുടര്‍ന്ന് ഒല, റാപ്പിഡോ എന്നീ കമ്പനികളോട് സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബൈക്ക് ടാക്‌സികള്‍ പിടിച്ചെടുത്ത ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
2016-ലെ കര്‍ണാടക ഓണ്‍ ഡിമാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്നോളജി അഗ്രിഗേറ്റേഴ്സ് നിയമപ്രകാരം ഓണ്‍ലൈന്‍ കമ്പനികള്‍ നിയമം ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്ന കാര്യം ഗതാഗതവകുപ്പിന് തീരുമാനിക്കാനാകും. കമ്പനികള്‍ക്ക് മുന്‍കൂട്ടി നോട്ടീസ് അയയ്ക്കണമെന്ന് വ്യവസ്ഥയുണ്ട്.
ഇതനുസരിച്ച് ഫെബ്രുവരി 15-ന് ഗതാഗതവകുപ്പ് ഒലയ്ക്ക് നോട്ടീസ് അയച്ചിരുന്നു. മാര്‍ച്ച് മൂന്നിനായിരുന്നു ഒല മറുപടി നല്‍കിയത്. എന്നാല്‍, മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ലൈസന്‍സ് ആറു മാസത്തേക്ക് റദ്ദാക്കിയുള്ള ഉത്തരവ് മാര്‍ച്ച് 18-ന് ഗതാഗതവകുപ്പ് ഇറക്കുകയായിരുന്നു.
അതേസമയം, നിയമാനുസൃതമായി മുന്നോട്ടുപോകുന്ന കമ്പനിയാണ് ഒലയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. നൂറുകണക്കിന് ഡ്രൈവര്‍മാരുടെ തൊഴിലിനെ ബാധിക്കുന്നതിനാല്‍ ഉത്തരവ് പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Content Highlights: Motor Vehicle Department Suspend Ola Taxi Service Licence