നിശ്ചിതഫീസ് കൂടാതെ സേവനത്തിന് ഈടാക്കുന്ന തുകയിലൂടെ മോട്ടോര്‍വാഹനവകുപ്പ് വര്‍ഷം സമ്പാദിക്കുന്നത് 41 കോടി രൂപ. ഏഴുമാസത്തിനിടെ പത്തുശതമാനം വര്‍ധനയാണ് ഇതില്‍ വരുത്തിയിരിക്കുന്നത്.
എന്നാല്‍, വകുപ്പ് നവീകരണം എന്ന പേരില്‍ ആരംഭിച്ച പിരിവിലൂടെ കിട്ടിയ പണം വിനിയോഗിക്കണമെങ്കില്‍ ധനവകുപ്പിന്റെ അനുമതി വേണം. വകുപ്പിന് ഗുണമൊന്നും ലഭിക്കാത്ത ഈ തുക സര്‍ക്കാരിന് വകമാറ്റി ചെലവാക്കാനുള്ള ഉപാധിയായി മാറുന്നുവെന്നാണ് ആക്ഷേപം.
2017-'18 വര്‍ഷം 41.71 കോടി രൂപയും 2018-'19-ല്‍ 41.9 കോടി രൂപയുമാണ് സേവനഫീസിലൂടെ കിട്ടിയത്. എല്ലാ ഇടപാടുകള്‍ക്കും ഫീസിനു പുറമേ സേവനത്തിന് എന്ന പേരിലാണ് ഈ തുക ഈടാക്കുന്നത്.
ഓഫീസില്‍ ഇടപാട് നടത്തുമ്പോള്‍ വകുപ്പിന്റെ നവീകരണത്തിന് എന്ന പേരിലെ പിരിവെന്ന അപൂര്‍വതയും ഇതിനുണ്ട്. എന്നാല്‍, ഇതിനനുസരിച്ച് ഉപഭോക്താക്കള്‍ക്ക് സേവനം ലഭിക്കുന്നുണ്ടോ എന്ന ചോദ്യം ബാക്കിയാണ്.
എന്തിനും സേവനഫീസ്
ലൈസന്‍സ് എടുക്കാന്‍ 900 രൂപയാണ് ഫീസ്. ഇതിന്റെ ഇനംതിരിച്ചുള്ള വിവരം ഇങ്ങനെയാണ്: ലേണേഴ്സ് ടെസ്റ്റ്-50, ലേണേഴ്സ് ലൈസന്‍സ് നല്‍കാന്‍-150, ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍-300, കാര്‍ഡ് അച്ചടിക്കാന്‍-200, അന്തിമമായി ലൈസന്‍സ് നല്‍കാന്‍-200. ലൈസന്‍സ് എടുക്കുന്നയാളിന് കിട്ടേണ്ട സേവനങ്ങളെല്ലാം ഇതിലുണ്ട്.
ഇതിനു പുറമേയാണ് 60 രൂപ കൂടി സേവനത്തിന് വാങ്ങുന്നത്. അങ്ങനെ 960 രൂപ അടച്ചാലും ലൈസന്‍സ് കൈയില്‍ കിട്ടണമെങ്കില്‍ 42 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍കൂടി നല്‍കണം. ലൈസന്‍സ് പുതുക്കാന്‍ 460 രൂപയാണ്. ഇതില്‍ 60 രൂപയാണ് സേവനത്തിന്. ഇതുകിട്ടാനും 42 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ നല്‍കണം.
വാഹനങ്ങളുടെ ബാങ്ക്ബാധ്യത (ഹൈപ്പോത്തിക്കേഷന്‍) തീര്‍ത്താല്‍ 100 രൂപ ആര്‍.ടി. ഓഫീസില്‍ അടയ്ക്കണം. ഒരു രസീത് മാത്രമാണ് ഈ ഇടപാടിന് നല്‍കുന്നത്. 75 രൂപയാണ് സേവനഫീസ് എന്ന പേരില്‍ ഇതിന് അധികമായി ഈടാക്കുന്നത്.
സേവനഫീസ് അഞ്ചുശതമാനം കൂട്ടാനുള്ള നിര്‍ദേശം നടപ്പായത് 2018 ഓഗസ്റ്റിലാണ്. ഇക്കൊല്ലത്തെ ബജറ്റില്‍ വീണ്ടും അഞ്ചുശതമാനം കൂട്ടാനായിരുന്നു ശുപാര്‍ശ. അത് ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കി. അങ്ങനെ ഏഴു മാസത്തിനിടെ 10 ശതമാനം വര്‍ധനയുണ്ടായി.
സേവനപ്പിരിവിന്റെ ചരിത്രം
വകുപ്പില്‍ കംപ്യൂട്ടറൈസേഷന്‍ നടപ്പാക്കിയ 2006-ലാണ് സേവനഫീസ് ഈടാക്കാന്‍ തീരുമാനിച്ചത്. ആദ്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ പേരില്‍ വഴുതക്കാട് എസ്.ബി.ടി.യിലായിരുന്നു അക്കൗണ്ട്.
വര്‍ഷങ്ങള്‍ക്കുശേഷം ഇത് ട്രഷറി സേവിങ്സ് അക്കൗണ്ടിലും പിന്നീട് സര്‍ക്കാരിന്റെ ഹെഡിലേക്കാക്കി. പൂര്‍ണനിയന്ത്രണം അങ്ങനെ ധനവകുപ്പിനു കിട്ടി. സര്‍ക്കാരിന് വരുമാനമുണ്ടാക്കാനുള്ള ഉപാധിയായി ഈ പിരിവ് അങ്ങനെ മാറി.
Content Highlights: Motor Vehicle Department Services