കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരം നിശ്ചയിച്ച പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാനത്തിന് പരിമിതമായ അധികാരംമാത്രം. കുറഞ്ഞ നിരക്കിനെക്കാള്‍ പിഴ ഉയര്‍ത്തിയ ഏതാനും ഇനങ്ങളില്‍മാത്രമാണ് ഇളവിന് സാധ്യത.
ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതിരിക്കുന്നതടക്കം ശക്തമായ വിമര്‍ശനം ഉയര്‍ന്ന കേസുകളിലൊന്നും പിഴ കുറയാനിടയില്ല. ഇതുസംബന്ധിച്ച് ഗതാഗത സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കും. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതല യോഗം ഇത് പരിശോധിക്കും.
കേന്ദ്രനിയമത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് കുറഞ്ഞ പിഴ മുതല്‍ പരമാവധി ഈടാക്കേണ്ടതുവരെ നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാനദണ്ഡമില്ലാത്ത മൂന്നോ നാലോ ഇനങ്ങളില്‍മാത്രമേ സംസ്ഥാന സര്‍ക്കാരിന് കുറഞ്ഞ പിഴ നിശ്ചയിക്കാനാകൂ.
ഈ പ്രതിസന്ധി മറികടക്കാനാകുമോ എന്നും സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. കേന്ദ്രനിയമത്തിന് എതിരായ നടപടികള്‍ക്ക് നിയമസാധുത ലഭിക്കില്ലെന്ന നിയമോപദേശം അനൗദ്യോഗികമായി കിട്ടിയിട്ടുണ്ട്.
സംസ്ഥാനത്തിന് പിഴ കുറയ്കാനാകുന്നവ
ലൈറ്റ് മോട്ടോര്‍ വാഹനങ്ങളില്‍ അമിതവേഗതയ്ക്ക് 1000 മുതല്‍ 2000 വരെയാണ് കേന്ദ്രനിയമത്തില്‍ പിഴ. ഇതില്‍ സംസ്ഥാനം 1500 രൂപയാണ് പിഴ നിശ്ചയിച്ചത്. ഇത് കുറഞ്ഞ നിരക്കായ 1000-ത്തിലേക്ക് കുറയ്ക്കാനാകും.
- അപകടകരമായ ഡ്രൈവിങ്ങിന് 1000-നും 5000-നും ഇടയില്‍ പിഴ ഈടാക്കാം
- 3000 രൂപയാണ് സംസ്ഥാനം നിശ്ചയിച്ച കോമ്പൗണ്ടിങ് ഫീസ്. ഇതിലും കുറവ് വരുത്താനാകും
- ശാരീരിക അവശതകളുള്ള സമയത്ത് വാഹനമോടിക്കുന്നതിന് 500 മുതല്‍ 2000 രൂപവരെയാണ് കേന്ദ്രം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ 1000 രൂപ ഈടാക്കാനാണ് സംസ്ഥാനം തീരുമാനിച്ചത്. ഇത് കുറഞ്ഞ നിരക്കായ 500 രൂപയിലേക്ക് താഴ്ത്താനാകും.