പകല്‍ സമയത്ത് മാത്രമല്ല ഔദ്യോഗിക സര്‍വീസ് സെന്ററുകളില്‍ രാത്രിയിലും കാര്‍ സര്‍വീസ് സൗകര്യവുമായി മാരുതി സുസുക്കി. ബെംഗളൂരു, മംഗളൂരു, ഭുവനേശ്വര്‍, ഗുരുഗ്രാം, ഷാഹിബബാദ് എന്നീ സിറ്റികളിലെ ഒമ്പത് വര്‍ക്ക്‌ഷോപ്പുകളിലാണ് രാത്രി സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പകല്‍ സമയത്തെ ജോലി തിരക്കിനിടയില്‍ കാര്‍ സര്‍വീസിന് എത്തിക്കാന്‍ സാധിക്കാത്തവര്‍ക്ക് സൗകര്യപ്രദമാകാനാണ് രാത്രി സര്‍വീസ്.
രാത്രി സര്‍വീസിന് പ്രത്യേക ചാര്‍ജ് ഈടാക്കില്ല, കൃത്യസമയത്ത് സര്‍വീസ് കഴിഞ്ഞ് കാര്‍ തിരിച്ചുനല്‍കും. ഇനി എന്തെങ്കിലും സാഹചര്യത്താല്‍ സര്‍വീസ് വൈകിയാല്‍ ഉപഭോക്താവിന്റെ താല്‍കാലിക ആവശ്യത്തിന് മറ്റൊരു കാര്‍ സര്‍വീസ് സെന്റര്‍ നല്‍കുമെന്നും മാരുതി സുസുക്കി സെയില്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബാനര്‍ജി വ്യക്തമാക്കി. രാത്രികാല സര്‍വീസിന് പ്രത്യേകമായി പരിശീലനം നല്‍കിയ വര്‍ക്ക്‌ഷോപ്പ് ടീമിനെ ഒരുക്കിയിട്ടുണ്ടെന്നും രാത്രി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ സര്‍വീസ് അഡ്‌വൈസറുടെ ഫോണ്‍ കോള്‍ ഉണ്ടാകില്ലെന്നും ബാനര്‍ജി പറഞ്ഞു.
ഉപഭോക്താക്കളുടെ പ്രതികരണമനുസരിച്ച് കൂടുതല്‍ സിറ്റികളിലേക്ക് രാത്രി സര്‍വീസ് വ്യാപിപ്പിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് ജോലിക്കാര്‍ ധാരാളമായുള്ള ഐടി ഹബ്ബ് പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളായിരിക്കും ഇതിന് പരിഗണിക്കുക.
Content Highlights; Maruti Suzuki starts car servicing at night