നിയമം ലംഘിക്കുന്ന ബസ്സുകളെ 'ആപ്പിലാക്കാന്‍' മൊബൈല്‍ ആപ്പുമായി മംഗളൂരു പോലീസ്


സി.ജെ. റിംജു

1 min read
Read later
Print
Share

ഓണ്‍ലൈന്‍ ടാക്‌സി മാതൃകയില്‍ യാത്രക്കാര്‍ക്ക് ഓട്ടോറിക്ഷ വിളിക്കാനുള്ള സൗകര്യവും ഈ ആപ്പിലുണ്ടാവും.

മംഗളൂരു: അമിത വേഗം, ട്രിപ്പ് കട്ടാക്കല്‍, റൂട്ട് മാറിയോടല്‍ തുടങ്ങി മംഗളൂരു നഗരത്തില്‍ ഗതാഗത നിയമം പാലിക്കാതെ ഓടുന്ന സിറ്റി ബസ്സുകളെ പിടിക്കാന്‍ മൊബൈല്‍ ആപ്പ് ഒരുങ്ങുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി എല്ലാ മേഖലയും സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം ഇത് നടപ്പാക്കാനൊരുങ്ങുന്നത്.

ബസ്സുകളുടെ നിയമലംഘനം കണ്ടെത്താനും ഒപ്പം ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനായി ഓട്ടോറിക്ഷ വിളിക്കാനുമെല്ലാം ഉതകുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് അണിയറയില്‍ തയ്യാറാക്കുന്നത്. ഏപ്രിലില്‍ ഇത് യാഥാര്‍ഥ്യമാകുമെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. എസ്.ശശികാന്ത് സെന്തില്‍ പറഞ്ഞു. മൊബൈല്‍ ആപ്പ് വഴി തുടക്കത്തില്‍ സിറ്റി ബസ്സുകളുടെ നിയന്ത്രണമാണ് പോലീസ് ലക്ഷ്യമിടുന്നത്. സിറ്റി ബസ്സുകള്‍ക്കെതിരെ ഒട്ടേറെ പരാതികള്‍ നിലവിലുണ്ട്. രാത്രികാലങ്ങളില്‍ ട്രിപ്പ് കട്ടാക്കുന്നു എന്ന പരാതിയാണ് ഏറെയും.

ശബ്ദമലിനീകരമുണ്ടാകുന്ന രീതിയില്‍ എയര്‍ ഹോണ്‍ ഉപയോഗിക്കുണ്ടെന്ന പരാതിയില്‍ കഴിഞ്ഞമാസം 200 ബസ്സുകള്‍ക്കെതിരെ പോലീസ് നടപടിയെടുത്തിരുന്നു. സിറ്റി ബസ്സുകള്‍ സഞ്ചരിക്കുന്ന റൂട്ട്, സമയക്രമം തുടങ്ങിയവ പരിശോധിക്കുന്നതിന്റെ ഭാഗമായി മംഗളൂരുവിലെ ബസ്സുകളില്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍.എഫ്.ഐഡി) ടാഗ് സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബസ്സുകളില്‍ ജി.പി.എസ്. ഘടിപ്പിക്കാനും തുടങ്ങി. ഈ സംവിധാനങ്ങള്‍ പുതുതായി രൂപകല്പന ചെയ്യുന്ന മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചാണ് പോലീസ് നിയന്ത്രണം സാധ്യമാക്കുക.

നഗരത്തിലുള്ള 350 സിറ്റി ബസ്സുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളുടെ മാപ്പും തയ്യാറാക്കിവരികയാണ്. സിറ്റി ബസ്സുകള്‍ക്ക് കളര്‍കോഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നടുക്ക് മൂന്ന് വെളുത്ത വരകളോടുകൂടിയ ഇളംനീല നിറമാണ് നിര്‍ദേശിച്ചിരിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷനില്‍ യാത്രക്കാര്‍ക്ക് പരാതികളും അഭിപ്രായങ്ങളും രേഖപ്പെടുത്താനുള്ള സൗകര്യവും ഉണ്ടാകുമെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ടാക്‌സി മാതൃകയില്‍ യാത്രക്കാര്‍ക്ക് ഓട്ടോറിക്ഷ വിളിക്കാനുള്ള സൗകര്യവും ഈ ആപ്പിലുണ്ടാവും. ഓണ്‍ലൈന്‍ ഓട്ടോ സംവിധാനത്തില്‍ ഉള്‍പ്പെടാന്‍ ഓട്ടോറിക്ഷകള്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യുകയും വേണം.

Content Highlights; Mangalore police mobile app for take action against traffic rule violations

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram