മാരുതി സുസുക്കി സ്വിഫ്റ്റ് കഴിഞ്ഞ 10 വര്‍ഷത്തില്‍ ഇന്ത്യന്‍ നിരത്ത് അടക്കിഭരിച്ച മാരുതിയുടെ പ്രിയ മോഡല്‍. ഈ വിജയം തുടരാന്‍ ലക്ഷ്യമിട്ട് പുതുവര്‍ഷത്തില്‍ സ്വിഫ്റ്റിന്റെ നവീകരിച്ച പതിപ്പ് ആഗോളതലത്തില്‍ പുറത്തിറക്കാനൊരുങ്ങുകയാണ് സുസുക്കി. ആദ്യ ഘട്ടത്തില്‍ ജാപ്പനീസ് വിപണിയിലാകും പുത്തന്‍ സ്വിഫ്റ്റ് അരങ്ങേറ്റം കുറിക്കുക. ഭാരം കുറച്ച് മൈലേജ് വര്‍ധിപ്പിച്ച് നിരത്ത് കീഴടക്കാനെത്തുന്ന സ്വിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍
1. വരവ് ബലേനോയുടെ പ്ലാറ്റ്ഫോമില്‍
നിരത്തില്‍ കുതിച്ചോടുന്ന ബലേനോ ഹാച്ച്ബാക്കിന്റെ അതേ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്ഫോമിലാണ് 2017 സ്വിഫ്റ്റ് പുറത്തിറങ്ങുന്നത്. മുന്‍ മോഡലിനെക്കാള്‍ ഭാരം കുറച്ച് ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ഇത് സഹായകമായി. എന്നാല്‍ വാഹനത്തിന്റെ വലുപ്പത്തില്‍ യാതൊരു മാറ്റവുമില്ല. 830-930 കിലോഗ്രാം ആയിരിക്കും ഭാരം. 4.70-7.55 ലക്ഷമായിരിക്കും ഇന്ത്യയില്‍ 2017 സ്വിഫ്റ്റിന്റെ വിപണി വില.
2. കരുത്തില്‍ ഒപ്പത്തിനൊപ്പം
വിപണിയിലുള്ള സ്വിഫ്റ്റിന്റെ എഞ്ചിന്‍ അതേപടി നിലനിര്‍ത്തിയാണ് ഇവന്റെ വരവ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് ഉറപ്പിക്കാം. ഇതിനൊപ്പം 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വകഭേദങ്ങള്‍ എത്താനും സാധ്യതയുണ്ട്. ജാപ്പനീസ് വിപണിയില്‍ XL, XG, ഹൈബ്രിഡ് മോഡലിനൊപ്പം RS, RSt, ഹൈബ്രിഡ് RS മോഡലുകളും പുറത്തിറക്കും.
3. അഴിച്ചുപണിത ഇന്റീരിയര്‍
ജപ്പാന്‍ സ്‌പെക് മോഡലായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന സ്‌പൈ ചിത്രങ്ങളിലും ബ്രേഷറുകളിലും ന്യൂജെന്‍ സ്വിഫ്റ്റിന്റെ അകത്തളത്തില്‍ അടിമുടി മാറ്റമുണ്ട്. ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡിലും സീറ്റിലും ഈ പുതുമ പ്രകടമാണ്. ആപ്പിള്‍ കാര്‍ പ്ലേ സൗകര്യത്തോടെ 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇന്റീരിയറിന് പ്രീമിയം ലുക്ക് നല്‍കുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി സംവിധാനവും വാഹനത്തിലുണ്ടാകും. ഡ്യുവല്‍ ഫ്രണ്ട് എയര്‍ ബാഗും എബിഎസും സുരക്ഷയും വര്‍ധിപ്പിച്ചു.
4. രൂപത്തില്‍ സ്വിഫ്റ്റ് മുഖമുദ്ര
ന്യൂജെന്‍ പയ്യന്‍ ലുക്കിലാണ് വരുന്നതെങ്കിലും 2015-ല്‍ ആദ്യമായി പുറത്തിറങ്ങിയ സ്വിഫ്റ്റ് മുഖമുദ്ര വലിയ തോതില്‍ നിലനിര്‍ത്താന്‍ മാരുതി ശ്രമിച്ചിട്ടുണ്ട്. ബോണറ്റും ഹെഡ്‌ലൈറ്റും അടങ്ങിയ മുന്‍ഭാഗവും മാറ്റമില്ലാത്ത പിന്‍വശവും ഇതിന് തെളിവാണ്. എല്‍ഇഡി ടെയില്‍ ലാംപ്, എല്‍ഇഡി ഡേടൈം റണ്ണിംങ് ലാംപ്, 15 ഇഞ്ച് അലോയ് വീല്‍ എന്നിവ പുതിയതാണ്. 2017 മാര്‍ച്ചില്‍ നടക്കുന്ന ജെനീവ മോട്ടോര്‍ ഷോയിലാണ് നാലാം തലമുറ സ്വിഫ്റ്റ് ആദ്യമായി അവതരിപ്പിക്കുക.