ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വാഹനങ്ങളുടെ വിലയില്‍ 12,000 രൂപയുടെ വര്‍ധനവ് വരുത്തി. വാഹനങ്ങളുടെ ഉല്‍പ്പാദന ചെലവ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഉത്സവ സീസണില്‍ വില ഒരു ശതമാനം വര്‍ധിപ്പിക്കാന്‍ കമ്പനി നിര്‍ബന്ധിതമായത്.
വിവിധ മോഡലുകളുടെ വിലയില്‍ 5000 മുതല്‍ 12000 രൂപയുടെ വര്‍ധനയാണു നിലവില്‍ വരുത്തിയിട്ടുള്ളതെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് പറഞ്ഞു. വാഹന ഉല്‍പ്പാദനത്തിന് ആവശ്യമായ സ്റ്റീല്‍, സിങ്ക് തുടങ്ങിയ അവശ്യഘടകങ്ങളുടെ വിലയിലുണ്ടായ വര്‍ധനയാണ് വാഹന വിലയില്‍ വര്‍ധന വരുത്താനുള്ള കാരണം.
ഓരോ മോഡലുകള്‍ക്കും പുതുക്കി നിശ്ചയിച്ച കൃത്യമായ വില വിവരം ലഭ്യമായിട്ടില്ല. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും, ഹ്യുണ്ടായി ഇന്ത്യ ലിമിറ്റഡും, മാരുതി സുസുക്കിയും വാഹന വില വര്‍ധിപ്പിച്ചിരുന്നു.