കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ് ഈ വര്‍ഷം ഓഗസ്‌റ്റോടെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഇതിന് മുന്നോടിയായി കിയയുടെ ഡീലര്‍ഷിപ്പ് വിവരങ്ങള്‍ പുറത്തുവന്നു. രാജ്യത്തുടനീളം ആദ്യഘട്ടത്തില്‍ 35 സിറ്റികളില്‍ കിയ ഡീലര്‍ഷിപ്പുകള്‍ തുടങ്ങും. കേരളത്തില്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ മൂന്നിടങ്ങളിലാണ് ആദ്യ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുക. ഇതിന് പുറമേ കൊച്ചിയിലും തിരുവനന്തപുരത്തും ഡീലര്‍ഷിപ്പ് പരിഗണനയിലുണ്ട്.
കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന എസ്പി എസ്.യു.വി കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിലുള്ള എസ്പി 2i മോഡലാണ് കിയയില്‍ നിന്ന് ആദ്യം നിരത്തിലെത്തുക. പ്രീമിയം മിഡ്‌സൈസ് എസ്.യു.വി. വിഭാഗത്തിലാണ് എസ്.പി. 2 ഐ വരുന്നത്. ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ നിര്‍മാണ കേന്ദ്രത്തില്‍ നിലവില്‍ ഇതിന്റെ ട്രെയല്‍ പ്രൊഡക്ഷനും കമ്പനി ആരംഭിച്ചിട്ടുണ്ട്.
ആറുമാസത്തിനുള്ളില്‍ ഒരു വാഹനം എന്ന നിലയിലാണ് കിയ ഇന്ത്യന്‍ വിപണി കാണുന്നത്. കിയയുടെ കൊടിയടയാളമായ എം.പി.വി. കാര്‍ണിവെലും ഇന്ത്യയിലെത്തുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യമായിരിക്കും ഈ ഭീമന്റെ വരവ്. പ്രീമിയം ഹാച്ച് ബാക്കായ സീഡ്, പ്രീമിയം എസ്.യു.വിയായ സ്പോര്‍ട്ടേജ് മോഡലുകളും കിയ ഇന്ത്യയില്‍ പുറത്തിറക്കും. വൈദ്യുത വാഹന രംഗത്തും ചുവടുറപ്പിക്കാന്‍ കിയ ലക്ഷ്യമിടുന്നുണ്ട്. നീറോ ഇവിയാണ് ഇതിനായി ഇങ്ങെത്തുക. നേരത്തെ ആന്ധ്രാ സര്‍ക്കാറിന് നീറോ ഇലക്ട്രിക് കാര്‍ കിയ മോട്ടോഴ്‌സ് സമ്മാനിക്കുകയും ചെയ്തിരുന്നു.
Content Highlights; Kia Motors Kerala dealerships