വിപണിയില്‍ മികച്ച സ്വീകാര്യത ലഭിച്ച സെല്‍റ്റോസ് എസ്.യു.വിക്ക് പിന്നാലെ കിയ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മോഡലാണ് കാര്‍ണിവല്‍. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയില്‍ കാര്‍ണിവല്‍ എംപിവി കിയ ഔദ്യോഗികമായി പുറത്തിറക്കുമെന്ന് സൂചന. കഴിഞ്ഞ 2018 ഓട്ടോ എക്‌സ്‌പോയില്‍ കാര്‍ണിവല്‍ മോഡല്‍ കിയ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. ഓരോ ആറ് മാസം കൂടുമ്പോഴും പുതിയ മോഡലുകള്‍ ഇന്ത്യയിലെത്തിക്കുമെന്ന് കിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ എംപിവി ശ്രേണിയില്‍ വമ്പനായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ശക്തനായ എതിരാളിയായാണ് കാര്‍ണിവലിന്റെ വരവ്. അതേസമയം ഇന്നോവ ക്രിസ്റ്റയെക്കാള്‍ വലുപ്പക്കാരനാണ് കാര്‍ണിവല്‍. 5115 എംഎം നീളവും 1985 എംഎം വീതിയും 1740 എംഎം ഉയരവും 3060 എംഎം വീല്‍ബേസുമാണ് കാര്‍ണിവലിനുള്ളത്. ഏഴ്, എട്ട്, പതിനൊന്ന് എന്നീ സീറ്റ് ഓപ്ഷന്‍ വിദേശത്തുള്ള കാര്‍ണിവലിനുണ്ടെങ്കിലും ഏഴ് സീറ്റര്‍ കാര്‍ണിവലാണ് ഇന്ത്യയിലെത്തുക.
കാഴ്ചയില്‍ കേമനാണ് കാര്‍ണിവല്‍. ക്രോം ആവരണത്തിലുള്ള ഗ്രില്‍, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, ക്രോം റിങ് അകമ്പടിയിലുള്ള ഫോഗ് ലാമ്പ്, ചെറിയ എയര്‍ഡാം, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ്, 17 ഇഞ്ച് അലോയ് വീല്‍ എന്നിവയെല്ലാം അടങ്ങി മാസീവ് രൂപമാണ് കാര്‍ണിവലിന്റെ പ്രത്യേകത. രണ്ടാം നിരയില്‍ സ്ലൈഡിങ് ഡോറാണ്. പ്രീമിയം നിലവാരത്തിലാണ് ഇന്റീരിയര്‍. വലിയ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, ടു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയും ഇതിലുണ്ട്.
എട്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.എസ്.സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിങ് സെന്‍സറും ക്യാമറയും, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. ബിഎസ് 6 നിലവാരത്തിലുള്ള 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനായിരിക്കും കാര്‍ണിവലില്‍ ഉള്‍പ്പെടുത്തുക. 199 ബിഎച്ച്പി പവറും 441 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 22 ലക്ഷം രൂപയോളം പ്രാരംഭ വിലയും കാര്‍ണിവലിന് പ്രതീക്ഷിക്കാം.
Content Highlights; kia carnival mpv to be launched at 2020 auto expo