കൊച്ചി: ആഗോള ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളുടെ ഭാഗമായിരുന്ന ഡ്രൈവര്‍മാര്‍ സഹകരിച്ച് സ്വന്തമായി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആരംഭിക്കുന്നു. സംസ്ഥാനത്താകെയുള്ള ഡ്രൈവര്‍മാര്‍ ചേര്‍ന്ന് രൂപവത്കരിച്ച ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.
ആദ്യ ചുവടെന്ന നിലയില്‍ മീറ്റര്‍ ടാക്‌സി, കോള്‍ ടാക്‌സി സംവിധാനമാണ് ഒരുക്കുന്നത്. തുടര്‍ന്ന് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പൂര്‍ണമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം ആരംഭിക്കാനാണ് പദ്ധതി.
ടാക്‌സി ബോര്‍ഡുകള്‍വെച്ച് ഓടുന്ന മീറ്റര്‍ ടാക്‌സി ആപ്പ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുക. ടാക്‌സിയില്‍ യാത്രക്കാരന്‍ കയറുമ്പോള്‍ ഡ്രൈവറുടെ ഫോണിലെ ആപ്പിന്റെ സഹായത്തില്‍ ദൂരം അളന്ന് ചാര്‍ജ് തീരുമാനിക്കും. തുടര്‍ന്ന് യാത്രചെയ്യാം.
ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുന്നവരെ ഏറ്റവും അടുത്തുള്ള ഡ്രൈവറുമായി ബന്ധിപ്പിക്കുകയാണ് കോള്‍ ടാക്സിയില്‍ ചെയ്യുന്നത്. ഇതിന് ജി.പി.എസിന്റെ സഹായം ലഭ്യമാക്കും. ജൂണ്‍ പകുതിയോടെ സംവിധാനം പ്രാവര്‍ത്തികമാക്കും.
ആദ്യഘട്ടത്തില്‍ കൊച്ചിയിലാകും പദ്ധതി ആരംഭിക്കുക. തുടര്‍ന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും വ്യാപിപ്പിക്കും. അറുന്നൂറോളം ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരാണ് ഇതിനായി തയ്യാറായി നില്‍ക്കുന്നത്.
സൊസൈറ്റിയിലെ അംഗങ്ങള്‍ ആയിരം തികയുന്നതോടെ ഇവരില്‍നിന്ന് സ്വരൂപിക്കുന്ന തുകയുപയോഗിച്ച് മൊബൈല്‍ ആപ്പില്‍ പൂര്‍ണമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി ആരംഭിക്കും. അഞ്ചുലക്ഷംരൂപയാണ് ഇതിനായി സ്വരൂപിക്കേണ്ടത്. മറ്റ് സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഈടാക്കുന്നതുപോലെ സൊസൈറ്റി കമ്മിഷന്‍ ഈടാക്കില്ല. എന്നാല്‍, മാസത്തില്‍ എല്ലാ ജീവനക്കാരും ഒരു നിശ്ചിത തുക മാസവരി അടയ്ക്കണം. ഈ തുക സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ജീവനക്കാര്‍ക്ക് ബോണസിനും ചികിത്സാസഹായം നല്‍കാനും ഇന്‍ഷുറന്‍സ് ലഭ്യമാക്കാനുമാണ് ഈ പണം ഉപയോഗിക്കുക.
ആറുമാസത്തിനുള്ളില്‍ ആപ്പ്
ആപ്ലിക്കേഷന്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സോഫ്റ്റ്വേര്‍ കമ്പനികളുമായി ചര്‍ച്ചനടത്തി. ആറുമാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാകും. ഇതുവരെ ഓണ്‍ലൈന്‍ ടാക്‌സിയോട് മുഖംതിരിഞ്ഞു നിന്നവരടക്കം സൊസൈറ്റിയുടെ കീഴിലാരംഭിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി ഓടിക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. - പി.എസ്. സുബൈര്‍ - (സംസ്ഥാന സെക്രട്ടറി, ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി)
Content Highlights; Taxi Drivers, Online Taxi Service