പത്തനംതിട്ട: മെറ്റിലും ടാറും മാത്രം ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണത്തിന് വിട. നിലവിലെ രീതിക്ക് പകരം അന്താരാഷ്ട്ര നിലവാരത്തിലുള്ള നിര്‍മ്മാണം അവലംബിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്. ഡിസൈന്‍ റോഡുകളെന്ന് അറിയപ്പെടുന്ന പുതിയ നിര്‍മ്മാണരീതി എല്ലാ സുരക്ഷ, സാങ്കേതിക മാനദണ്ഡങ്ങളും പാലിച്ചാണ്.
ഐ.ആര്‍.സി. മാനദണ്ഡങ്ങള്‍ മുഖ്യം
ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ (ഐ.ആര്‍.സി.) പരിഷ്‌കരിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണിത്. മണ്ണിന്റെ ഘടന, കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം, താങ്ങാവുന്ന ഭാരം എന്നിവ പഠിച്ചശേഷമാകും നിര്‍മ്മാണം. ഭാരം കൂടിയ വാഹനങ്ങള്‍ അധികം കടന്നുപോകുന്നെങ്കില്‍ റോഡിന്റെ അടിത്തട്ട് മുതല്‍ ബലപ്പെടുത്തും.
ഉപരിതലം നാലു വര്‍ഷം കൂടുമ്പോള്‍ ടാര്‍ ചെയ്യും. സിഗ്‌നല്‍, ദിശാബോര്‍ഡുകള്‍, സ്റ്റോപ്പ്, ക്രോസ് മാര്‍ക്കിങ്, തെരുവുവിളക്കുകള്‍ തുടങ്ങിയവ ഐ.ആര്‍.സി. നിഷ്‌കര്‍ഷിച്ച രീതിയിലാകും. പത്തു മീറ്ററിന് മുകളില്‍ വീതിയുള്ള റോഡിന്റെ വശങ്ങളില്‍ 1.8 മീറ്റര്‍ വീതിയില്‍ നടപ്പാത പണിയും. പത്തു മീറ്ററില്‍ താഴെ വീതിയുള്ള റോഡിന് കുറഞ്ഞത് 1.5 മീറ്റര്‍ വീതിയിലായിരിക്കണം നടപ്പാത. മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചെന്ന് ഉറപ്പാക്കിയേ കരാറുകാരന് തുക അനുവദിക്കാവൂ എന്നതാണ് െഎ.ആര്‍.സി.യുടെ മറ്റൊരു നിര്‍ദേശം.
പ്രകൃതിക്ഷോഭത്തെ അതിജീവിക്കും
പ്രകൃതിക്ഷോഭങ്ങളുണ്ടായാലും ഇത്തരം റോഡുകള്‍ തകരില്ല. പ്രോജക്ടുകള്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് പ്രോജക്ടില്‍ മാറ്റം വരുത്തും. റോഡ് നിര്‍മാണത്തിന് ഡി.ബി.എം. ആന്‍ഡ് ബി.സി. മാതൃകയിലാകും പ്‌ളാന്‍ തയ്യാറാക്കുക.
പത്തനംതിട്ടയില്‍ വടശേരിക്കര-ചിറ്റാര്‍ റോഡിന്റെയും അടൂര്‍-പത്തനാപുരം റോഡിന്റെയും നിര്‍മാണം ദേശീയപാത നിലവാരത്തിലായിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ വടശേരിക്കര-ചിറ്റാര്‍ റോഡിന് സമീപം ഉരുള്‍പൊട്ടി പാറകള്‍ അടര്‍ന്നുവീണിട്ടും തകരാറുണ്ടായില്ലെന്ന് പൊതുമരാമത്ത് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഉടന്‍ നിര്‍മിക്കുന്ന അടൂര്‍-തുമ്പമണ്‍-കോഴഞ്ചേരി റോഡും പുതിയ നിലവാരത്തിലായിരിക്കും.
കൂടുതല്‍ പണം ഗുണകരമായി
റോഡ് നിര്‍മാണത്തിന് കൂടുതല്‍ പണം അനുവദിക്കുന്നതിനാലാണ് ഉയര്‍ന്ന സാങ്കേതികവിദ്യയിലുള്ള ഡിസൈന്‍ റോഡുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നത്. പഞ്ചായത്ത് റോഡുകള്‍ ഒഴികെ പൊതുമരാമത്തിന്റെ എല്ലാ റോഡുകളും ഇനി ഉന്നതനിലവാരത്തിലായിരിക്കും. -പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതര്‍.
Content Highlights; Design Road, Kerala Road Construction