ഇന്ധനവില കയറുമ്പോള്‍ പ്രീമിയം പെട്രോള്‍ വാങ്ങാന്‍ കമ്പനികളുടെ സമ്മര്‍ദം


ജോസഫ് മാത്യു

2 min read
Read later
Print
Share

സാധാരണ പെട്രോളിന് 3.02 രൂപയാണ് ഡീലര്‍ കമ്മിഷനെങ്കില്‍ പ്രീമിയം പെട്രോളിന് 3.20 രൂപയാണ്.

കൊച്ചി: ഇന്ധന വിലക്കയറ്റം മൂലം ജനം നട്ടം തിരിയുമ്പോള്‍ പ്രീമിയം പെട്രോള്‍ വാങ്ങാന്‍ കമ്പനികളുടെ സമ്മര്‍ദവും. സാധാരണ പെട്രോളിനെക്കാള്‍ മൂന്നു രൂപയോളം കൂടുതലാണിതിന്. പമ്പുകളില്‍ ചെല്ലുമ്പോള്‍ പ്രീമിയം മാത്രമേ കിട്ടുന്നുള്ളൂവെങ്കില്‍ അത് അടിക്കാന്‍ നിര്‍ബന്ധിതരാകുകയാണ് ജനം. ഒരു കാരണവുമില്ലാതെ പോക്കറ്റ് ചോരുന്നുവെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.

15 ദിവസം കൂടുമ്പോള്‍ നാലായിരം ലിറ്റര്‍ വീതം പ്രീമിയം പെട്രോള്‍ വാങ്ങാന്‍ ചില ഇന്ധനക്കമ്പനികള്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് പമ്പുടമകളുടെ ആരോപണം. 30-200 ലിറ്ററില്‍ കൂടുതല്‍ ദിവസേന ഇതു വിറ്റുപോകാറില്ല. ബാക്കി വരുന്നതില്‍ ഒന്നര ശതമാനം ബാഷ്പീകരണം കൂടിയാകുമ്പോള്‍ വലിയ നഷ്ടം വരുന്നു. പ്രീമിയം വാങ്ങാനായി കൂടുതല്‍ പണം മുടക്കുന്നത് ബാങ്കില്‍ ബാധ്യതയാവുന്നു. ദിവസേന ഉപഭോക്താക്കളുമായി വഴക്കുണ്ടാക്കേണ്ട സ്ഥിതിയാണെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് സെക്രട്ടറി എം. രാധാകൃഷ്ണന്‍ പറയുന്നു. തീരുമാനമാകുന്നില്ലെങ്കില്‍ പമ്പുകള്‍ അടച്ചിട്ടുള്ള സമരത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

ഒരു സാധാരണ പമ്പില്‍ ദിവസം 3000-4000 ലിറ്റര്‍ പെട്രോള്‍ വില്‍ക്കും (പമ്പിന്റെ ലൊക്കേഷന്‍, പ്രവര്‍ത്തന സമയം എന്നിവ അനുസരിച്ച് മാറ്റങ്ങള്‍ വരാം). നാമമാത്രമായ ഉപഭോക്താക്കളേ പ്രീമിയം ആവശ്യപ്പെടൂ. സാധാരണ പെട്രോളിന് 3.02 രൂപയാണ് ഡീലര്‍ കമ്മിഷനെങ്കില്‍ പ്രീമിയം പെട്രോളിന് 3.20 രൂപയാണ്. ഈ വ്യത്യാസം വിലയിലും വരും. വെള്ളിയാഴ്ച പ്രീമിയം പെട്രോളിന് കൊച്ചിയിലെ വില 75.83 രൂപയാണെങ്കില്‍ സാധാരണ പെട്രോളിന് 73.03 രൂപയാണ്. ഡീസല്‍ വില 62.76 രൂപ.

കേരളത്തില്‍ അമ്പത് ശതമാനം വിപണി വിഹിതം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ്. പ്രീമിയം ഡീസല്‍ ഇപ്പോള്‍ കേരളത്തില്‍ വില്‍ക്കുന്നില്ല. പ്രീമിയം പെട്രോള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുകയാണെന്ന ആരോപണം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നിഷേധിച്ചു. ആളുകള്‍ ആവശ്യപ്പെട്ട് വരുമ്പോള്‍ ഇതുണ്ടാകണം എന്ന് നിഷ്‌കര്‍ഷിക്കുക മാത്രമാണ് ചെയ്യുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ 30 ശതമാനത്തോളം പ്രീമിയം പെട്രോളാണ് വിറ്റിരുന്നത്. നികുതികള്‍ കൂടിയപ്പോള്‍ ഇത് വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഒരു വര്‍ഷം മുമ്പാണ് വീണ്ടും വിപണിയില്‍ എത്തിച്ചത്. പ്രീമിയം ചോദിച്ചു വാങ്ങുന്ന നിരവധി ഉപഭോക്താക്കളുണ്ട്. കൂടുതല്‍ മൈലേജ് കിട്ടാന്‍ ചേര്‍ക്കുന്ന മിശ്രിതമാണ് വില അല്പം കൂടാന്‍ കാരണം. മലിനീകരണം കുറയുമെന്നും എന്‍ജിന്റെ പെര്‍ഫോര്‍മന്‍സ് വര്‍ധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. സാധാരണ പെട്രോള്‍ അടിക്കുന്നവര്‍ പെട്ടെന്നൊരു നാള്‍ പ്രീമിയത്തിലേക്ക് മാറിയാലും കുഴപ്പമൊന്നുമില്ല. മാറിമാറി അടിച്ചാലും പ്രശ്നമില്ലെന്നും അവര്‍ പറയുന്നു.

കേരളത്തില്‍ ആകെ പമ്പുകള്‍

  • ഏതാണ്ട് 2100 (പൊതുമേഖലയില്‍).
  • അറുപതോളം സ്വകാര്യ മേഖലയില്‍.
  • ഐ.ഒ.സി.-തൊള്ളായിരത്തോളം
  • ബി.പി.സി.എല്‍.-എഴുനൂറോളം,
  • ഹിന്ദുസ്ഥാന്‍ പെട്രോളിയം-അഞ്ഞൂറോളം.
IOC കേരളത്തില്‍ കഴിഞ്ഞ വര്‍ഷം വിറ്റത് - 3,78,00,000 ലിറ്റര്‍ ഇന്ധനം.

സാധാരണ പെട്രോള്‍ കമ്മിഷന്‍-3.02 രൂപ.

പ്രീമിയം പെട്രോള്‍ കമ്മിഷന്‍-3.20 രൂപ.

ഡീസല്‍ കമ്മിഷന്‍-1.86 രൂപ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram