തിരുവനന്തപുരം: കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിച്ച ഇ- ഓട്ടോ സി.എം.വി.ആര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ ഇ- ഓട്ടോ പിപണിയില്‍ എത്തിക്കും.
സംസ്ഥാനസര്‍ക്കാറിന്റെ ഇ - വെഹിക്കിള്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ-ഓട്ടോയ്ക്ക് രൂപം നല്‍കിയത്. ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രമേ ചെലവു വരൂ എന്നതാണ് ഇ-ഓട്ടോയുടെ മറ്റൊരു പ്രത്യേകതയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരു പ്രാവശ്യം പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്താല്‍ നൂറ് കിലോ മീറ്റര്‍ വരെ യാത്ര സാധ്യമാകും. മൂന്ന് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാനും സാധിക്കും. സ്റ്റാന്റുകളിലും മറ്റും ചാര്‍ജ്ജിംഗ് സംവിധാനം ഒരുക്കിയാല്‍ തടസങ്ങളില്ലാതെ ഓട്ടം സാധ്യമാക്കാം
ഇലക്ട്രിക് വാഹന വികസനത്തിനു വേണ്ടി കേരളാ ഓട്ടോമൊബൈല്‍സിന് കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപ നീക്കി വെച്ചിരുന്നു. ഇത് ഉപയോഗിച്ച് കൂടുതല്‍ ഇലക്ട്രിക് ഓട്ടോ രംഗത്തിറക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
content highlights: Kerala E auto rickshaw, kerala automobiles limited