ട്രാഫിക് സിഗ്നല്‍ നിയമലംഘനത്തിന് പിടിക്കപ്പെട്ടാല്‍ പെട്ടെന്ന് സിഗ്നല്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന വാദം ഇനി വിലപ്പോകില്ല. റോഡിന് മറുവശത്ത് ഉയരത്തിലുള്ള പരമ്പരാഗത സിഗ്നല്‍ ലൈറ്റിനൊപ്പം പുതിയ സിഗ്നല്‍ ലൈറ്റ് ആശയവുമായെത്തിയിരിക്കുകയാണ് ഹൈദരാബാദ് ട്രാഫിക് പോലീസ്. ഹൈദരാബാദിലെ കെബിആര്‍ പാര്‍ക്ക് ജങ്ഷനിലെ സീബ്രാ ലൈനിന് തൊട്ടുമുന്നിലായി റോഡില്‍ തന്നെ ചെറിയ എല്‍ഇഡി സ്പീഡ് ബ്രേക്കേഴ്‌സ് സ്ഥാപിച്ചാണ് ഹൈദരാബാദ് ട്രാഫിക് പോലീസിന്റെ വേറിട്ട ആശയം.
മുന്നിലുള്ള സിഗ്നല്‍ പോസ്റ്റില്‍ റെഡ്, ഗ്രീന്‍ നിറങ്ങള്‍ മാറിമറിയുന്നതിനനുസരിച്ച് റോഡിലെ ഈ സ്പീഡ് ബ്രേക്കറിന്റെയും നിറം മാറും. സിഗ്നല്‍ തിരിച്ചറിയാന്‍ ഈ ലൈറ്റുകള്‍ എളുപ്പത്തില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്യും. റോഡിന്റെ വശങ്ങളിലും നടുവിലും നല്‍കാറുള്ള റിഫ്‌ളക്ടര്‍ ലൈറ്റുകള്‍ക്ക് സമാനമായ രൂപത്തിലാണ് പുതിയ എല്‍ഇഡി സിഗ്നല്‍ ലൈറ്റ്. വാട്ടര്‍പ്രൂഫായതിനാല്‍ കേടുവരുകയുമില്ല. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ട്രാഫിക് പോലീസിന്റെ ഈ ഉദ്യമം.
പുതിയ ആശയം വിജയകരമായാല്‍ സിറ്റിയിലെ മറ്റിടങ്ങളിലും എല്‍ഇഡി സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കുമെന്ന് ട്രാഫിക് പോലീസ് ഇന്‍സ്‌പെക്ടര്‍ എം നരസിങ് റാവു വ്യക്തമാക്കി.
Content Highlights; LED Traffic Signal Lights, LED Speed Breaker Signal