ഡെബിറ്റ് കാര്‍ഡോ ക്യു.ആര്‍. കോഡോ വഴി ബസ് ടിക്കറ്റെടുക്കാനുള്ള ഇലക്ട്രോണിക് ടിക്കറ്റിങ് യന്ത്രം വികസിപ്പിച്ച് മലയാളി സ്റ്റാര്‍ട്ടപ്പ്. പഞ്ചാബിലും ഉത്തര്‍പ്രദേശിലും മോബ്‌ഗോ എന്ന ഈ ടിക്കറ്റിങ് യന്ത്രം ഹിറ്റായിരിക്കുകയാണ്.
കളമശ്ശേരിയിലെ ഇലക്ട്രോണിക് ഹാര്‍ഡ്വേര്‍ ഇന്‍ക്യുബേറ്റര്‍ ആയ മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ വി.എസ്.ടി. മൊബിലിറ്റി സൊലൂഷന്‍സാണിത് വികസിപ്പിച്ചത്. കൊച്ചി സ്വദേശി ആല്‍വിന്‍ ജോര്‍ജാണ് സി.ഇ.ഒ.
സ്പര്‍ശരഹിത പണമിടപാടിന്റെ പുതിയ മുഖം
യു.പി.ഐ. അധിഷ്ഠിത ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഇന്‍ബില്‍റ്റ് സ്‌കാനര്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ പാസിലുള്ള ക്യു.ആര്‍. കോഡ് സ്‌കാന്‍ചെയ്തും ടിക്കറ്റെടുക്കാം. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍.എഫ്.സി.) ഉള്ള ഏത് കോണ്‍ടാക്ട്ലെസ് കാര്‍ഡും ടിക്കറ്റെടുക്കാനുപയോഗിക്കാം.
ഓഫ് ലൈന്‍ ആയിപോലും ഡേറ്റാ സംഭരിക്കാന്‍ സാധിക്കും. നാലു നെറ്റ്വര്‍ക്കുകളിലേക്ക് സ്വിച്ചുചെയ്യാന്‍ കഴിയുന്ന സിം ആണിതിലുള്ളത്. ഇതിലെ 4 ജി, വൈഫൈ സൗകര്യം ഉപയോഗിച്ച് അതത് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ കണ്‍ട്രോള്‍ സെന്ററിലേക്ക് ഇടപാടുവിവരങ്ങള്‍ അപ്പപ്പോള്‍തന്നെ അയക്കാന്‍ കഴിയും.
യന്ത്രത്തിലെ ക്യാമറ ഡ്രൈവര്‍ക്ക് സുരക്ഷിതമായി ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന ഫെയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനവും ഒരുക്കുന്നു. കണ്ടക്ടര്‍ വേണ്ട എന്ന ഗുണവുമുണ്ട്.
ഏറ്റെടുത്ത് ലഖ്‌നൗവും പഞ്ചാബും
കഴിഞ്ഞവര്‍ഷമാണ് ലഖ്‌നൗ സിറ്റി ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന്റെ കരാര്‍ വി.എസ്.ടി.ക്ക് ലഭിക്കുന്നത്. പഞ്ചാബിലെ ഏറ്റവും വലിയ ബസ് ഓപ്പറേറ്ററായ പെപ്‌സു റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ കരാറും ലഭിച്ചു. 1200 യൂണിറ്റുകളാണ് രണ്ടിടങ്ങളിലും ആയി ആകെ വിറ്റുപോയത്.
ഇപ്പോള്‍ ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ പൊതുഗതാഗത ശൃംഖലകളില്‍നിന്നും ഉത്തര്‍പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍നിന്നും അന്വേഷണങ്ങള്‍ വന്നു. ലഖ്നൗവിലെ മെട്രോ സര്‍വീസുകള്‍ക്ക് വേണ്ടിയും ചര്‍ച്ച നടക്കുന്നുണ്ട്.
സി-ഡിറ്റുമായി സഹകരിച്ച് കെ.എസ്.ആര്‍.ടി.സി.യില്‍ ഈ മെഷീന്‍ ഉപയോഗിക്കാന്‍ രണ്ടുവര്‍ഷംമുമ്പ് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ കരാര്‍ റദ്ദായി.
Content Highlights: High Tech Bus Ticket