അഹമ്മദാബാദ്: പാര്‍ലമെന്റ് അംഗീകരിച്ച കേന്ദ്രനിയമത്തെയും ഗുജറാത്ത് ഹൈക്കോടതി വിധിയെയും മറികടന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ ഹെല്‍മെറ്റ് നിയമം ഇളവ് ചെയ്തത്. സംസ്ഥാനത്തെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധികളില്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമില്ലെന്ന് മന്ത്രിസഭാ യോഗമാണ് കഴിഞ്ഞദിവസം തീരുമാനമെടുത്തത്.
ഗുജറാത്ത് ഹൈക്കോടതി 2005 മേയ് 9-ന്റെ വിധിയില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരുന്നു. വാഹനാപകടങ്ങള്‍ പെരുകുന്നതിനാല്‍ കോടതി സ്വമേധയാ നടപടിയെടുക്കുകയായിരുന്നു. അന്ന് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ ദേശീയപാതകളില്‍ യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് കര്‍ശനമാണെന്ന് അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ നഗരത്തെയും ഗ്രാമത്തെയും വേര്‍തിരിക്കാന്‍ മോട്ടോര്‍വാഹന നിയമത്തില്‍ പറയുന്നില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഈ വിധി നിലവിലിരിക്കെയാണ് ഇപ്പോള്‍ പട്ടണങ്ങളിലെ ഇരുചക്രവാഹനക്കാര്‍ക്ക് ഹെല്‍മെറ്റ് ധരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ അനുവദിച്ചത്.
പാര്‍ലമെന്റ് ഈ വര്‍ഷം പരിഷ്‌കരിച്ച മോട്ടോര്‍ വാഹന നിയമത്തിന്റെയും ലംഘനമാണ് ഗുജറാത്തിലെ ഹെല്‍മെറ്റ് ഇളവ്. സംസ്ഥാന സര്‍ക്കാരുകള്‍ക്കോ മറ്റ് ഏജന്‍സികള്‍ക്കോ ഇളവ് നല്‍കാന്‍ ഈ നിയമം അനുവദിക്കുന്നില്ല. രാജ്യത്ത് ആദ്യമായി പിഴശിക്ഷ ഇളവ് ചെയ്തതും ഗുജറാത്താണ്. ഇതേത്തുടര്‍ന്ന് കേന്ദ്ര ഗതാഗതവകുപ്പ് നിയമമന്ത്രാലയത്തോട് വിശദീകരണം തേടിയിട്ടുണ്ട്. രണ്ടിടത്തും ബി.ജെ.പി. സര്‍ക്കാരാണ്. ഈ ഭിന്നത നിലനില്‍ക്കുമ്പോളാണ് ഹെല്‍മെറ്റ് നിര്‍ബന്ധമല്ലെന്ന നിലപാട് രൂപാണി മന്ത്രിസഭ കൈക്കൊള്ളുന്നത്.
Content Highlights; helmet optional in city limit, gujarat government violate central rule and court order
Share this Article
Related Topics