സംസ്ഥാനത്ത് കുടിവെള്ളം വിതരണംചെയ്യുന്ന വാഹനങ്ങളില്‍ ജി.പി.എസ്. (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) സംവിധാനം നിര്‍ബന്ധമാക്കുന്നു. തദ്ദേശസ്ഥാപനങ്ങളില്‍ ടാങ്കറുകളില്‍ വെള്ളംകൊണ്ടുപോകുന്നവര്‍ നടത്തുന്ന ക്രമക്കേടുകള്‍ക്ക് ഇതോടെ വിരാമമാവും.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ജില്ലകളില്‍ തിരക്കിട്ട് വാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നത്. വിശദവിവരങ്ങള്‍ വകുപ്പിന്റെ വെബ്സൈറ്റിലുമുണ്ട്. കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ഏപ്രില്‍ ആദ്യവാരത്തോടെ ഇത് നടപ്പാവും.
ജി.പി.എസ്. ഘടിപ്പിക്കുന്നതിന് ജില്ലാതലത്തില്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചിരുന്നു. ദുരന്തനിവാരണ സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്കാണ് മേല്‍നോട്ടച്ചുമതല. തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍, കുടിവെള്ളവിതരണ മോണിറ്ററിങ് കമ്മിറ്റി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തുടങ്ങിയവയ്ക്കും പരിശോധന നടത്താം.
ഉദ്യോഗസ്ഥരും ജലവിതരണക്കാരും കൂട്ടുചേര്‍ന്ന് വിതരണംചെയ്തതിനെക്കാള്‍ അധികം ട്രിപ്പുകളുടെ പണം കൈക്കലാക്കുന്നതിന് പരിഹാരമാവും. ഓരോ വാഹനത്തിനും നിശ്ചിത ട്രാക്കും ട്രിപ്പ് ഷീറ്റുമുണ്ടാവും. ക്വട്ടേഷനില്‍ പറയുന്ന വാഹനംതന്നെയാണോ ഉപയോഗിക്കുന്നതെന്നും അറിയാനാവും.
എത്ര ലിറ്റര്‍ ശേഷിയുള്ള വാഹനത്തിലാണ് വെള്ളം കൊണ്ടുപോകുന്നത്, എത്ര ട്രിപ്പ് കൊണ്ടുപോയി, ഏത് സ്രോതസ്സില്‍നിന്നാണ് സംഭരിച്ചത്, വിതരണംചെയ്ത സമയം, സ്ഥലം, ഗുണനിലവാരം എന്നിവ തത്സമയം രേഖപ്പെടുത്തും. പിന്നീട് പരിശോധിക്കുകയുമാവാം. മുമ്പ് വിതരണക്കാരനും ഗുണഭോക്താവുംമാത്രം അറിഞ്ഞിരുന്ന വിവരങ്ങള്‍ ഇനി പൊതുരേഖയായി മാറും.
Content Highlights: GPS Device On Water Tanker Lorry