മുംബൈ: ചരക്ക് സേവന നികുതിക്കൊപ്പം ഹൈബ്രിഡ് കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ 15 ശതമാനം സെസ്സ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അധിക സെസ്സ് ചുമത്തിയതിനെതിരെ കാര്‍ നിര്‍മ്മാതാക്കളുടെ ഭാഗത്തു നിന്നും സമ്മര്‍ദ്ദം ശക്തമാവുന്ന സാഹചര്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ അധിക സെസ് നിരക്ക് റദ്ദാക്കിയേക്കുമെന്നാണ് സൂചനകള്‍.
ചരക്ക് സേവന നികുതി ഘടന പ്രകാരം ആഡംബര കാറുകള്‍ക്ക് നിശ്ചയിച്ച അതേ 28 ശതമാനം ജിഎസ്ടിയും 15 ശതമാനം അധിക സെസ്സുമാണ് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്. നേരത്തെ ഹൈബ്രിഡ് കാറുകള്‍ക്ക് പരോക്ഷ നികുതികളടക്കം 30.3 ശതമാനം നികുതിയാണ് നല്‍കിയിരുന്നതെങ്കില്‍ ജിഎസ്ടി വന്നതോടെ ഇത് 43 ശതമാനം ആയി.
ഇതോടെ ഹൈബ്രിഡ് കാറുകള്‍ക്ക് 12.5 ശതമാനത്തോളം നികുതി ഭാരം വര്‍ധിച്ചു. ജിഎസ്ടിയും സെസ്സും കൂടിച്ചേര്‍ന്നതോടെ കാറുകളുടെ വിപണി വിലയിലും വലിയ വര്‍ധനയാണ് ഉണ്ടായത്. ടൊയോട്ടയുടെ ഹൈബ്രിഡ് മോഡലുകളായ കാംറി, പ്രിയൂസ് എന്നിവയുടെ വില 3.5 ലക്ഷം മുതല്‍ 5.2 ലക്ഷം വരെ ഉയര്‍ന്നു.
മാര്‍ക്കറ്റ് ലീഡര്‍ മാരുതി സുസുക്കി സിയാസ്, എര്‍ട്ടിഗ തുടങ്ങിയ മൈല്‍ഡ് ഹൈബ്രിഡ് മോഡലുകളിലും 1 ലക്ഷം രൂപയുടെ വരെ വര്‍ധനയുണ്ടായി. ക്രമാധീതമായി ഉയര്‍ന്ന വില രാജ്യത്തെ ഹൈബ്രിഡ് കാര്‍ വിപണിക്ക് വലിയ തിരിച്ചടിയേകിയിരുന്നു. ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗസ്ത് 5-ന് നടക്കുന്ന അടുത്ത ജിഎസ്ടി കൗണ്‍സില്‍ മീറ്റിങ്ങില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.