രാജ്യം പതിയെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറുകയാണ്. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ബദലായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്.യു.വിക്ക് പ്രാരംഭ ഓര്‍ഡര്‍ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കാണ് ഇവ ഉപയോഗപ്പെടുത്തുക. അതേസമയം എത്ര യൂണിറ്റ് ഇലക്ട്രിക് കോനയ്ക്കാണ് ആദ്യ ഓര്‍ഡര്‍ എന്നതുസംബന്ധിച്ച വിവരങ്ങളൊന്നും നിലവില്‍ ലഭ്യമായിട്ടില്ല.
ടാറ്റ ടിഗോര്‍ ഇവി, മഹീന്ദ്ര ഇ-വെരിറ്റോ എന്നീ ഇലക്ട്രിക് കാറുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ് (EESL) നേരത്തെ ഓര്‍ഡര്‍ നല്‍കിയിരുന്നത്. ഈ കാറുകളെ മറികടന്നാണ് കോനയ്ക്കുള്ള പുതിയ ഓര്‍ഡര്‍. നിലവില്‍ ടാറ്റ ടിഗോറിന്റെ 500 യൂണിറ്റും മഹീന്ദ്ര ഇ-വെരിറ്റോയുടെ 1000 യൂണിറ്റുകളുമാണ് ഇഇഎസ്എല്ലിന് കൈമാറിയിട്ടുള്ളത്. 2017 സെപ്തംബറില്‍ 10,000 ഇലക്ട്രിക് കാറുകള്‍ക്കുള്ള ഓര്‍ഡറാണ് രണ്ട് കമ്പനികള്‍ക്കുംകൂടി ഇഇഎസ്എല്‍ നല്‍കിയിരുന്നത്. 2020 മാര്‍ച്ചോടെ ഇഇഎസ്എല്‍ ഇത് 3000 യൂണിറ്റാക്കി കുറയ്ക്കുമെന്നും സൂചനയുണ്ട്.
ടിഗോര്‍ ഇലക്ട്രിക്, ഇ-വെരിറ്റോ എന്നിവയെക്കാള്‍ ഇരട്ടിയിലേറെ വിലയുള്ള കാറാണ് കോന ഇലക്ട്രിക്, 23.71 ലക്ഷം രൂപയാണ് ഇതിന്റെ വില. അതേസമയം ടിഗോര്‍, വെരിറ്റോ എന്നിവയെക്കാള്‍ മൂന്നിരട്ടിയോളം അധിക ഇലക്ട്രിക് റേഞ്ച് കോനയ്ക്കുണ്ട്. ഒറ്റചാര്‍ജില്‍ 452 കിലോമീറ്റര്‍ ദൂരം നിഷ്പ്രയാസം കോന പിന്നിടും. കിലോമീറ്ററിന് വെറും 40 പൈസ മാത്രമാണ് കോനയുടെ റണ്ണിങ് കോസ്റ്റ്. 134 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും 39.2 kWh ലിഥിയം അയേണ്‍ പോളിമെര്‍ ബാറ്ററിയുമാണ് ഇലക്ട്രിക് കോനയിലുള്ളത്. എളുപ്പത്തില്‍ വേഗതയാര്‍ജിക്കാനും സാധിക്കും. 9.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്താം.
Content Highlights; government places order for hyundai kona electric suv