അന്തസ്സംസ്ഥാന ബസ്: ബുക്കിങ് ഏജന്‍സികള്‍ക്ക് മൂക്കുകയര്‍, പാര്‍സലുകള്‍ക്കും വിലക്ക്


2 min read
Read later
Print
Share

മോട്ടോര്‍ വാഹന നിയമം-1988 സെക്ഷന്‍ 93 അനുസരിച്ച് കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റുള്ള ബസുകളില്‍ യാത്രക്കാരെ കയറ്റാനോ ടിക്കറ്റ് നല്‍കാനോ അനുവാദമില്ല.

'സുരേഷ് കല്ലട' ബസില്‍ യാത്രക്കാരെ മര്‍ദിച്ചത് വിവാദമായതിനെത്തുടര്‍ന്ന് ബുക്കിങ് ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ മൂക്കുകയര്‍. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് 500 മീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ ട്രാവല്‍സ് ബസുകളുടെ ബുക്കിങ് ഓഫീസോ പാര്‍ക്കിങ് കേന്ദ്രമോ പാടില്ല.

യാത്രക്കാരുടെ ലഗേജ് അല്ലാതെയുള്ള സാധനങ്ങളും നിയമവിരുദ്ധമായ വസ്തുക്കളും വാഹനത്തില്‍ കൊണ്ടുപോകുന്നതും വിലക്കി. ബുക്കിങ് ഓഫീസുകളുടെ ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ക്രിമിനല്‍പശ്ചാത്തലം പാടില്ല. ഇത് തെളിയിക്കാന്‍ പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയതായി ഗതാഗത സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

എല്‍.എ.പി.ടി. (ലൈസന്‍സ്ഡ് ഏജന്റ് ഫോര്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട്) രേഖ പുതുക്കുമ്പോഴും പുതിയത് നല്‍കുമ്പോഴും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നെന്ന് ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മോട്ടോര്‍ വാഹന നിയമം-1988 സെക്ഷന്‍ 93 അനുസരിച്ച് കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റുള്ള ബസുകളില്‍ യാത്രക്കാരെ കയറ്റാനോ ടിക്കറ്റ് നല്‍കാനോ അനുവാദമില്ല. ചരക്കുകള്‍ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്.

കുടുസുമുറി ഓഫീസ് വേണ്ട

 • കുറഞ്ഞത് 150 ചതുരശ്രയടി വിസ്തീര്‍ണം
 • സ്ത്രീകള്‍ ഉള്‍പ്പെടെ 10 യാത്രക്കാര്‍ക്കെങ്കിലും ഇരിക്കുന്നതിനുള്ള സ്ഥലം
 • ശൗചാലയം
 • ലോക്കര്‍ സംവിധാനത്തോടെയുള്ള ക്ലോക്ക് റൂം
 • ആറുമാസം ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ശേഷിയുള്ള സി.സി.ടി.വി.
 • കുടിവെള്ളം
 • അഗ്‌നിശമനസംവിധാനങ്ങള്‍
തോന്നുംപടി ബസ് നിര്‍ത്താന്‍പാടില്ല

 • മറ്റുവാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതെ ബസുകള്‍ നിര്‍ത്തണം.
 • ബുക്കിങ് ഓഫീസില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ എവിടെയെങ്കിലും മൂന്ന് വലിയ ബസുകള്‍ നിര്‍ത്തിയിടാനുള്ള സ്ഥലസൗകര്യം ഉണ്ടാവണം.
സഹിച്ച് മടുക്കേണ്ട

 • യാത്രാവഴിയില്‍ 50 കിലോമീറ്റര്‍ ഇടവിട്ടുള്ള സ്ഥലങ്ങളിലെ ടോയ്ലറ്റ്, റിഫ്രഷ്മെന്റ് സൗകര്യത്തെക്കുറിച്ചുള്ള വിവരം യാത്രക്കാര്‍ക്ക് നല്‍കണം.
 • വാഹനം, ജീവനക്കാര്‍, യാത്രക്കാര്‍, ഹെല്‍പ്ലൈന്‍ നമ്പറുകള്‍, പോലീസ്, മോട്ടോര്‍വാഹന, വിമെന്‍ ഹെല്‍പ് ലൈനുകള്‍ എന്നിവയുടെ വിവരം ടിക്കറ്റിലുണ്ടാവണം.
 • വാഹനം ബ്രേക്ക്ഡൗണ്‍ ആയാല്‍ പകരം ഏര്‍പ്പെടുത്താനുള്ള സംവിധാനം ലൈസന്‍സിക്കോ ഓപ്പറേറ്റര്‍ക്കോ ഉണ്ടായിരിക്കണം.
മറയില്ലാതെവേണം പ്രവര്‍ത്തനം

 • കേരള പോലീസിന്റെയും ആര്‍.ടി.ഒ.യുടെയും പരാതി അറിയിക്കാനുള്ള ഫോണ്‍ നമ്പറുകള്‍, വിമെന്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ എന്നിവ ഓഫീസില്‍ പ്രദര്‍ശിപ്പിക്കണം
 • എല്‍.എ.പി.ടി. രേഖ ഓഫീസില്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം
 • ബുക്കിങ് ഓഫീസിന്റെ പേരും ലൈസന്‍സ് നമ്പരും മുന്‍വശത്ത് കാണാനാവുംവിധം സ്ഥാപിക്കണം
 • ബസ് ഓപ്പറേറ്റര്‍മാരുടെ പേരും ഫോണ്‍നമ്പരുകളും പ്രദര്‍ശിപ്പിക്കണം
 • വാഹനങ്ങളുടെ സമയക്രമം യാത്രക്കാര്‍ക്ക് കാണാനാവുംവിധം എഴുതിപ്രദര്‍ശിപ്പിക്കണം
 • വാഹനങ്ങള്‍ എവിടെയെത്തിയെന്നത് ഡിജിറ്റല്‍സംവിധാനത്തിലൂടെ കാണിക്കണം
 • യാത്ര തുടങ്ങുംമുമ്പ് വാഹനത്തിലെ ജീവനക്കാരുടെ പേരും നമ്പരും നല്‍കണം.
 • ആര്‍.ടി.എ. സെക്രട്ടറിക്ക് ത്രൈമാസ റിട്ടേണ്‍ ബുക്കിങ് ഓഫീസ് ഉടമ സമര്‍പ്പിക്കണം
 • യാത്രക്കാരുടെ വിവരം നിശ്ചിതഫോമില്‍ ഒരുവര്‍ഷംവരെ സൂക്ഷിക്കണം.
Content Highlights: Government Issued Regulations For Interstate Private Bus Booking Agencies

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram