പല വലുപ്പത്തില്‍ വിവിധ രൂപ വര്‍ണ്ണങ്ങളില്‍ ഗണേശ വിഗ്രഹം കണ്ടിട്ടുണ്ടെങ്കിലും അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോഴ്‌സ് പണികഴിപ്പിച്ച ഈ ഗണേശ വിഗ്രഹം ആരെയും അത്ഭുതപ്പെടുത്തും. ഗണേശ ചതുര്‍ഥി അടുത്തിരിക്കെ ഉത്സവകാലത്തെ ആഘോഷത്തിന്റെ ഭാഗമായി പൂര്‍ണമായും കാറുകളിലെ സ്‌പെയര്‍ പാര്‍ട്ട്‌സ് ഉപയോഗിച്ചാണ് ഈ ഗണേശ വിഗ്രഹം ഫോര്‍ഡ് അണിയിച്ചൊരുക്കിയത്. ഡിസ്‌ക് ബ്രേക്ക്, ഫെന്‍ഡര്‍, സ്പാര്‍ക്ക് പ്ലഗ്, ക്ലച്ച് പ്ലേറ്റ് തുടങ്ങി മര്‍മ്മ പ്രധാനമായ ചെറു പാര്‍ട്ടുസുകള്‍ ചേര്‍ത്താണ് 6.5 ഫീറ്റ് ഉയരമുള്ള ഗണേശ വിഗ്രഹം നിര്‍മിച്ചത്.
വാഹനങ്ങളില്‍ കൂടുതല്‍ ഗുണമേന്‍മയുള്ള സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ ഉപയോഗിക്കേണ്ട ആവശ്യകത എന്താണെന്ന് കൂടി വ്യക്തമാക്കുന്നതിന്റെ ഭാഗമാണ് ഫോര്‍ഡിന്റെ പുതിയ ഉദ്യമമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഫോര്‍ഡ് ഇന്ത്യ സെയില്‍സ് വിഭാഗം ജനറല്‍ മാനേജര്‍ സൗരബ് മഹിജയാണ് ഗണേശ വിഗ്രഹം പുറത്തിറക്കിയത്. മുംബൈയിലെ ഒബ്‌റോണ്‍ മാളില്‍ ഓഗ്‌സ്റ്റ് 20 ഞായറാഴ്ച വരെ വിഗ്രഹം പ്രദര്‍ശനത്തിന് വയ്ക്കും. പ്രശസ്ത ആര്‍ട്ടിസ്റ്റ് മദ്‌വി പിട്ടിയും മുംബൈയിലെ മെറ്റല്‍ ആര്‍ട്ടിസ്റ്റ് നിശാന്ത് സുധകരന്റെയും കരവിരുതിലാണ് വിഗ്രഹത്തിന്റെ പിറവി.
12 ഹൈ ക്വാളിറ്റി ക്യാമറകളും വിഗ്രഹത്തിലുണ്ട്, ഇതുവഴി സന്ദര്‍ശകരുടെ ചിത്രങ്ങള്‍ 180 ഡിഗ്രിയില്‍ പകര്‍ത്താന്‍ സാധിക്കും. ഈ ചിത്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് #SelfieWithFordGanesha എന്ന ഹാഷ്ടാഗില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാം, ഇതില്‍നിന്ന് തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് സ്‌പെയര്‍ പാര്‍ട്ട്‌സില്‍ തീര്‍ത്ത ചെറിയ ഗണേശ വിഗ്രഹം സമ്മാനമായി നേടാം.