രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടാന്‍ തുടങ്ങിയതോടെ നാലുവര്‍ഷംകൊണ്ട് 4.69 കോടി ലിറ്ററിന്റെ ഇന്ധനലാഭം. ദിവസം 52.7 കിലോലിറ്റര്‍ ഇന്ധനമാണ് ലാഭിക്കുന്നത്. ഇതിലൂടെ അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവില്‍ ദിവസവും 130 ടണ്ണിന്റെ കുറവും ഉണ്ടാകുന്നു.
നാഷണല്‍ ഓട്ടോമോട്ടീവ് ബോര്‍ഡിന്റെ പഠനറിപ്പോര്‍ട്ടിലാണിത് ചൂണ്ടിക്കാട്ടുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും വില്‍പ്പനയും പ്രോത്സാഹിപ്പിക്കുന്നതിന് 2015 ഏപ്രിലില്‍ ആണ് കേന്ദ്രം 'ഫെയിം ഒന്ന്' (ഫാസ്റ്റര്‍ അഡോപ്റ്റേഷന്‍ ആന്‍ഡ് മാനുഫക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ്) നയം പ്രഖ്യാപിച്ചത്.
2019 ഏപ്രില്‍ മുതല്‍ 'ഫെയിം രണ്ട്' നയം പ്രഖ്യാപിച്ച് പദ്ധതിക്ക് വേഗം കൂട്ടി. ഈ കാലയളവില്‍ രാജ്യത്ത് 2.78 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റത്. വാഹനങ്ങളില്‍നിന്ന് പുറംതള്ളുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ് ആണ് വായുമലിനീകരണത്തിന് മുഖ്യകാരണം. ഇന്ത്യയില്‍ 12 ലക്ഷംപേര്‍ വായുമലിനീകരണംമൂലം പ്രതിവര്‍ഷം മരിക്കുന്നുണ്ടെന്നാണ് കണക്ക്. നാലുവര്‍ഷംകൊണ്ട് അന്തരീക്ഷത്തില്‍ എത്തുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവില്‍ 11.61 കോടി കിലോയുടെ കുറവുണ്ടായതായും കണക്കാക്കുന്നു.
ഇരുചക്രവാഹനങ്ങളാണ് ഇലക്ട്രിക് വാഹനവില്‍പ്പനയില്‍ മുന്നില്‍. മുച്ചക്രവാഹനങ്ങളാണ് രണ്ടാമത്. കാറുകള്‍ മൂന്നാംസ്ഥാനത്തും. ബസുകള്‍ വില്‍ക്കുന്നുണ്ടെങ്കിലും എണ്ണം കുറവാണ്. ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന നടന്നത് മഹാരാഷ്ട്രയിലാണ്.
പതിനായിരത്തിലധികം വാഹനവില്‍പ്പന നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഇടംപിടിച്ചിട്ടുണ്ട്. വാഹനങ്ങളുടെ എണ്ണം കൂടുന്നതോടെ ഭാവിയില്‍ വൈദ്യുതി ഉത്പാദനം വന്‍തോതില്‍ കൂട്ടേണ്ടിയും വരും.
പതിനായിരത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ വില്‍പ്പന നടത്തിയ സംസ്ഥാനങ്ങള്‍
- മഹാരാഷ്ട്ര -36,007
- ഗുജറാത്ത് -31,576
- ഉത്തര്‍പ്രദേശ് -28,924
- ഹരിയാണ -25,532
- ഡല്‍ഹി -20,168
- തമിഴ്നാട് -17,817
- രാജസ്ഥാന്‍ -17,220
- കര്‍ണാടക -15,229
- പശ്ചിമബംഗാള്‍ -14,743
- കേരളം -11,392
- ആന്ധ്ര -10,264