കണ്ണൂർ വെള്ളിയാംപറമ്പ് കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ വൈദ്യുതവാഹനങ്ങള് നിര്‍മിക്കുന്ന യൂണിറ്റ് സ്ഥാപിക്കുന്നതിന് നടപടിതുടങ്ങി. പൊതുമേഖലാ സ്ഥാപനമായ കെല്ലാണ് നോഡല്‍ ഏജന്‍സി.
ഇരുചക്രവാഹനങ്ങള്‍ മുതല്‍ നാലുചക്ര വാഹനങ്ങള്‍വരെ നിര്‍മിക്കുന്ന യൂണിറ്റാണ് സ്ഥാപിക്കുക. വിവിധയിടങ്ങളില്‍ ബാറ്ററി ചാര്‍ജിങ് യൂണിറ്റുകളും സ്ഥാപിക്കും. 500 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉള്‍പ്പടെ വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് നേരത്തേ വിമാനത്താവളത്തിലെത്തി ചര്‍ച്ചനടത്തിയിരുന്നു. വിമാനത്താവളത്തില്‍ ഇപ്പോള്‍ വൈദ്യുത ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
140 ഏക്കര്‍ വെള്ളിയാംപറമ്പില്‍ കിന്‍ഫ്ര ഏറ്റെടുത്തിട്ടുണ്ട്. വ്യവസായ പാര്‍ക്കിന്റെ ഭാഗമായി കൂടുതല്‍ ഭൂമി ഏറ്റെടുക്കും. 13 കോടി രൂപയോളം ചെലവിട്ട് പാര്‍ക്കിനകത്ത് റോഡുകളുടെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി.
വൈദ്യുതി, വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കാനും നടപടി തുടങ്ങി. പ്ലാസ്റ്റിക് പാര്‍ക്ക്, കയറ്റുമതി കേന്ദ്രം (എക്സ്പോര്‍ട്ട് എന്‍ക്ലേവ്) തുടങ്ങിയവയും വ്യവസായ പാര്‍ക്കില്‍ സ്ഥാപിക്കും.
Content Highlights: Electric Vehicle Production Unit In Kannur