വൈദ്യുതവാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദായനികുതി ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജി.എസ്.ടി. നിരക്ക് കുറച്ചിരിക്കുന്നത്. ഇത് വിപണിയില്‍ ഉണര്‍വുണ്ടാക്കും. വൈദ്യുതവാഹനങ്ങളുടെ ജി.എസ്.ടി. നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായാണ് കുറച്ചിരിക്കുന്നത്. ഇത് വില വന്‍തോതില്‍ കുറയാന്‍ സഹായിക്കും.
ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജറുകള്‍ക്കും ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കുമുള്ള നിരക്കും കുറച്ചിട്ടുണ്ട്. ഇത് 18 ശതമാനത്തില്‍ നിന്നാണ് അഞ്ചു ശതമാനമായി കുറച്ചിരിക്കുന്നത്. ഇത്തവണ കേന്ദ്രബജറ്റില്‍, വായ്പയെടുത്ത് വൈദ്യുതവാഹനം വാങ്ങുന്നവര്‍ക്ക് 1.50 ലക്ഷം രൂപ വരെയുള്ള പലിശ അടവിന് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതൊക്കെ, വൈദ്യുത വാഹനങ്ങള്‍ക്ക് പ്രിയമുണ്ടാക്കാന്‍ സഹായിക്കും.
ജി.എസ്.ടി. കുറച്ചതോടെ വൈദ്യുതവാഹനങ്ങളും പെട്രോള്‍/ഡീസല്‍ വാഹനങ്ങളും തമ്മിലുള്ള വിലവ്യത്യാസം കുറയുമെന്ന് സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (എസ്.എം.ഇ.വി.) ഡയറക്ടര്‍ ജനറല്‍ സൊഹീന്ദര്‍ ഗില്‍ അറിയിച്ചു. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള നല്ല ചുവടുവയ്പാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
കുറഞ്ഞ നിരക്കില്‍ വൈദ്യുതവാഹനങ്ങള്‍ വില്‍ക്കാന്‍ അവസരം കൈവന്നതോടെ, വന്‍കിട വാഹനനിര്‍മാതാക്കള്‍ അധികം വൈകാതെ വൈദ്യുത മോഡലുകളുമായി എത്തും. രാജ്യത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായ 'ഹ്യുണ്ടായ്' ആദ്യ ഇലക്ട്രിക് എസ്.യു.വി.യായ 'കോന' ഏതാനും ദിവസം മുമ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ വിപണിയിലേക്ക് പുതുതായി എത്തുന്ന 'കിയ'യും വൈദ്യുതമോഡലുകള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായ 'മാരുതി സുസുകി'യും അധികം വൈകാതെ ഇലക്ട്രിക് മോഡലുകളുമായി എത്തും. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ ഇതിനോടകം വൈദ്യുത കാറുകള്‍ പുറത്തിറക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിനിടെ, ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഇലക്ട്രിക് കാര്‍ കമ്പനിയായ അമേരിക്കയിലെ 'ടെസ്ല' അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയിലേക്ക് എത്തുകയാണ്. ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയിലും ഇലക്ട്രിക് വിപ്ലവം പ്രതീക്ഷിക്കുന്നുണ്ട്.
ഉപഭോക്താക്കള്‍ക്ക് ഗുണകരം
ഇലക്ട്രിക് വാഹനങ്ങളുടെയും ചാര്‍ജിങ് അടിസ്ഥാന സൗകര്യങ്ങളുടെയും ജി.എസ്.ടി. നിരക്ക് അഞ്ച് ശതമാനമായി കുറച്ചത് സ്വാഗതാര്‍ഹമാണ്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടുന്ന നടപടിയാണിത്. ഇലക്ട്രിക് വാഹനം വാങ്ങാനിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ തീരുമാനം. ഉപഭോക്താക്കളില്‍ നിന്ന് ഡിമാന്‍ഡ് ഉയരുന്നതോടെ അത് ഈ വ്യവസായത്തിനും ഗുണകരമാകും.
-സുലജ്ജ ഫിരോദിയ മോട്വാനി, സി.ഇ.ഒ., കൈനറ്റിക് ഗ്രീന്‍ & കോ-ചെയര്‍, ഫിക്കി ഇലക്ട്രിക് വെഹിക്കിള്‍ കമ്മിറ്റി
Content Highlights: GST Council Decided To Reduce Tax Rate Of Electric Vehicle From 12 Percent 5 Percent.