നൂറുശതമാനം നികുതിയിളവ് അടക്കമുള്ള പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സര്‍ക്കാരിന്റെ വൈദ്യുതവാഹന നയം. വൈദ്യുതവാഹനങ്ങളുടെ നിര്‍മാണത്തിനും വില്‍പ്പനയ്ക്കും 2030 വരെ ജി.എസ്.ടി.യും 2022 വരെ മോട്ടോര്‍വാഹനനികുതിയും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി.
വൈദ്യുതവാഹനനിര്‍മാണവുമായി ബന്ധപ്പെട്ട 'സ്റ്റാര്‍ട്ടപ്പു'കള്‍ക്ക് ഓഫീസ് സൗകര്യം അടക്കമുള്ള സഹായങ്ങള്‍ നല്‍കും. ഇവയ്ക്കായി ഇന്‍ക്യൂബേഷന്‍ സെന്ററുകള്‍ ആരംഭിക്കും. വീടുകളിലും അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങളിലും വൈദ്യുതവാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ അനുമതി നല്‍കുന്നതരത്തില്‍ നിയമഭേദഗതി നടത്തുമെന്നും നയത്തില്‍ പറയുന്നു.
നിലവിലുള്ള വാഹനനിര്‍മാണക്കമ്പനികള്‍ക്ക് വൈദ്യുതവാഹനനിര്‍മാണത്തിലേക്ക് മാറുന്നതിന് സഹായംനല്‍കും. വൈദ്യുതവാഹനനിര്‍മാണത്തിനായി മുതല്‍മുടക്കുന്ന കമ്പനികള്‍ക്ക് 15 ശതമാനംവരെയും ബാറ്ററിയും മറ്റ് അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുന്ന കമ്പനികള്‍ക്ക് 20 ശതമാനംവരെയും സബ്സിഡിയുമുണ്ടായിരിക്കും.
സര്‍ക്കാരിന്റെ വ്യവസായപാര്‍ക്കുകളില്‍ വിലയില്‍ 20 ശതമാനം ഇളവോടെ സ്ഥലം അനുവദിക്കും. വ്യാവസായികമായി കൂടുതല്‍ വളര്‍ച്ച പ്രാപിക്കാത്ത തെക്കന്‍ ജില്ലകളില്‍ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിച്ചാല്‍ സ്ഥലത്തിന്റെ വിലയില്‍ 50 ശതമാനംവരെ ഇളവ് അനുവദിക്കും. ഭൂമി രജിസ്ട്രേഷന് മുദ്രപ്പത്രത്തിന്റെ വിലയില്‍ 100 ശതമാനം സബ്സിഡി നല്‍കും.
വൈദ്യുതവാഹനനിര്‍മാണവുമായി ബന്ധപ്പെട്ട ഇടത്തരം, ചെറുകിട, സൂക്ഷ്മ വ്യവസായസംരംഭങ്ങള്‍ക്ക് അധികമായി 20 ശതമാനം മൂലധന സബ്സിഡി നല്‍കും. ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍, ബസുകള്‍, ഭാരം കുറഞ്ഞ വാണിജ്യവാഹനങ്ങള്‍ എന്നിവയ്ക്ക് നികുതിയിളവ് നല്‍കും. സംസ്ഥാനസര്‍ക്കാരിനുകീഴിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ വൈദ്യുതബസുകളിലേക്ക് മാറും.
നിലവില്‍ 21,000-ലധികം ബസുകളാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്കുള്ളത്. ഓരോ വര്‍ഷവും ഇതില്‍ അഞ്ചുശതമാനം ബസുകള്‍ മാറ്റി പകരം വൈദ്യുതബസുകള്‍ നിരത്തിലിറക്കും. ചെന്നൈയില്‍ ഇതിനകം ഒരു പാതയില്‍ വൈദ്യുതബസുകള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഇത് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
Content Highlights: Electric Vehicle Policy Of Tamil Nadu Government