വൈദ്യുതി വാഹനങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് നഗരത്തില്‍ 112 ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതില്‍ 12 എണ്ണം അത്യാധുനിക സൗകര്യമുള്ള ഡി.സി. (ഡയറക്ട് കറണ്ട്) ചാര്‍ജിങ് സംവിധാനമാണ് ഒരുക്കുന്നത്. സ്വകാര്യ സംരംഭകരുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. കഴിഞ്ഞവര്‍ഷം ബെസ്‌കോം 12 ചാര്‍ജിങ് സ്റ്റേഷനുകള്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ചിരുന്നു. 7000 വൈദ്യുതി വാഹനങ്ങള്‍ നഗരത്തിലുണ്ടെന്നാണ് കണക്ക്.
ഡി.സി. ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുമാത്രം നാലുകോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്തരം സ്റ്റേഷനുകളില്‍ 90 മിനുട്ടുകൊണ്ട് കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. സാധാരണ എ.സി. ( ആള്‍ട്ടര്‍നേറ്റീവ് കറണ്ട്) സ്റ്റേഷനുകളില്‍ അഞ്ചുമുതല്‍ ആറുവരെ മണിക്കൂറുകളാണ് നാലുചക്ര വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ വേണ്ടത്. ചാര്‍ജിങ് സ്റ്റേഷനുകളില്‍ 100 എണ്ണം എ.സി. ചാര്‍ജിങ് സ്റ്റേഷനുകളായിരിക്കും. അഞ്ചുമാസത്തിനുള്ളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങും.
സര്‍ക്കാര്‍ സ്ഥാപനങ്ങളോട് ചേര്‍ന്ന് ഒഴിവുള്ള സ്ഥലങ്ങള്‍, കോളേജുകള്‍, കോര്‍പ്പറേഷന്റെയും ബി.എം.ടി.സി. യുടെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍, മെട്രോറെയില്‍ കോര്‍പ്പറേഷന്റെ സ്ഥലം എന്നിവയിലായിരിക്കും ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിക്കുക. അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ പ്രത്യേക സര്‍വേ നടത്തും. നിര്‍മാണം, അറ്റകുറ്റപ്പണി തുടങ്ങിയവയുടെ പൂര്‍ണ ചുമതല സ്വകാര്യ കമ്പനികള്‍ക്കായിരിക്കും. മൂന്നുവര്‍ഷത്തേക്ക് ഇതില്‍ നിന്നുള്ള വരുമാനം സ്വകാര്യ കമ്പനിക്കായിരിക്കും.
വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം ലഭ്യമാകാത്തതാണ് സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. നേരത്തേ ബെസ്‌കോമിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച സ്റ്റേഷനുകളില്‍ എത്തിപ്പെടാനും ചാര്‍ജ് ചെയ്യാനുള്ള ബുദ്ധിമുട്ട് വാഹന ഉടമകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ദിവസം നാലോളം വാഹനങ്ങള്‍ മാത്രമാണ് ബെസ്‌കോം കെ. ആര്‍. പുരത്ത് സ്ഥാപിച്ച ചാര്‍ജിങ് സ്റ്റേഷനുകളിലെത്തിയിരുന്നത്. പുതിയ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമ്പോള്‍ ഇലക്ട്രിക് വാഹന ഉടമകളുടെ അഭിപ്രായങ്ങളും പരിഗണിക്കും.
സര്‍ജാപുര്‍ റോഡില്‍ സി.എന്‍.ജി. സ്റ്റേഷന്‍
ബെംഗളൂരു നഗരത്തിലെ ഏഴാമത്തെ സി.എന്‍.ജി. (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) സ്റ്റേഷന്‍ സര്‍ജാപുര റോഡില്‍ വെള്ളിയാഴ്ച തുടങ്ങി. ദിനംപത്രി 1000 ഒട്ടോറിക്ഷകള്‍ക്കും 125 വലിയ വാഹനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
അടുത്ത സാമ്പത്തിക വര്‍ഷം 25 -ഇരുപത്തിയഞ്ചിലധികം സി.എന്‍.ജി. സ്റ്റേഷനുകള്‍ നഗരത്തില്‍ സ്ഥാപിക്കാനാണ് പദ്ധതി. ഇതോടെ സി.എന്‍.ജി. പദ്ധതി വിജയകരമായി നടപ്പാക്കിയ ഡല്‍ഹി, മുംബൈ, പുണെ, ഹൈദരാബാദ്, ഇന്‍ഡോര്‍ തുടങ്ങിയ നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരുവും ഉള്‍പ്പെടും.
സി.എന്‍.ജി. വാഹനങ്ങള്‍ പുറന്തള്ളുന്ന മലനീകരണ നിരക്ക് പെട്രോള്‍, ഡീസല്‍ വാഹനങ്ങളേക്കാള്‍ 97 ശതമാനത്തോളം കുറവാണെന്നാണ് കണക്ക്. ഓടിക്കാനുള്ള ചെലവ് 35 മുതല്‍ 45 ശതമാനം വരെ കുറയുകയും ചെയ്യും. സി.എന്‍.ജി. ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം നഗരത്തില്‍ വര്‍ധിച്ചുവരികയാണെന്ന് ഗെയില്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) വ്യക്തമാക്കി.
Contant Highlights: Electric Vehicle Charging Unit In Bangalore