ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പത്തട്ടിപ്പുകേസിലെ പ്രതികളായ വജ്രവ്യാപാരി നീരവ് മോദിയുടെയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെയും ആഡംബരക്കാറുകള്‍ 3.29 കോടി രൂപയ്ക്ക് ലേലംചെയ്തു.
കള്ളപ്പണനിരോധന നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞവര്‍ഷം പിടിച്ചെടുത്ത 13 കാറുകളാണ് വ്യാഴാഴ്ച ലേലംചെയ്തത്. റോള്‍സ് റോയ്സ് ഗോസ്റ്റ് മോഡലാണ് ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വില്‍ക്കപ്പെട്ടത്, 1.33 കോടി രൂപ.
ഗോസ്റ്റിന് പുറമേ പോര്‍ഷെ പനാമെറ, ബെന്‍സ് 4മാറ്റിക് ജിഎല്‍ 350 സിഡിഐ, ബെന്‍സ് സിഎല്‍എസ് 350, ടൊയോട്ട ഫോര്‍ച്യൂണര്‍, ടൊയോട്ട കൊറോള ആള്‍ട്ടീസ്, രണ്ട് ഇന്നോവ ക്രിസ്റ്റ, ഹോണ്ട സിആര്‍-വി, ഹോണ്ട ബ്രിയോ, സ്‌കോഡ സൂപ്പോര്‍ബ് എന്നീ കാറുകളാണ് ലേലത്തിലുണ്ടായിരുന്നത്. ഇതില്‍ ഒമ്പത് കാറുകള്‍ നീരവ് മോദി ഗ്രൂപ്പിന്റെയും രണ്ടെണ്ണം മെഹുല്‍ ചോക്‌സി ഗ്രൂപ്പിന്റെതുമാണ്.
കഴിഞ്ഞമാസം നീരവ് മോദിയുടെ കലാശേഖരങ്ങള്‍ 59.37 കോടിക്ക് ആദായനികുതി വകുപ്പ് ലേലംചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ അനധികൃതമായി നിര്‍മിച്ച ബംഗ്ലാവുകള്‍ ഏതാനും മാസംമുമ്പ് ഇടിച്ചുനിരത്തുകയും ചെയ്തിരുന്നു.
Content Highlights; ED auctions 13 luxury cars of Nirav Modi, Mehul Choksi for Rs 3.29 crore