ബെംഗളൂരു: മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോഴും നിയമം ലംഘിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ല. മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ കേസുകളാണ് ഓരോവര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018-ല്‍ മാത്രം മദ്യപിച്ച് വാഹനമോടിച്ചതിന് ലൈസന്‍സ് റദ്ദാക്കിയവരുടെ എണ്ണം 170 ശതമാനമാണ് വര്‍ധിച്ചത്.
32,765 പേരുടെ ലൈസന്‍സാണ് 2018-ല്‍ റദ്ദാക്കിയത്. 2017-ല്‍ 14,881 പേരുടെ ലൈസന്‍സ് റദ്ദാക്കിയപ്പോള്‍ 2016-ല്‍ 12,151 പേരുടെ ലൈസസാണ് ഇതേകാരണത്താല്‍ റദ്ദാക്കിയത്. പഴയ ലൈസന്‍സ് റദ്ദായാലും പുതിയ ലൈസന്‍സ് എടുക്കാന്‍ അവസരമൊരുങ്ങുന്നതാണ് നിയമം കര്‍ശനമാക്കിയിട്ടും മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ എണ്ണം കുറയാത്തതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
നിരന്തരം മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ജയില്‍ശിക്ഷ നല്‍കാനുള്ള നിയമം വേണമെന്നും വിവിധകോണുകളില്‍നിന്ന് ആവശ്യമുയരുന്നുണ്ട്. ബെംഗളൂരു സെന്‍ട്രലിലാണ് മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതല്‍.
അതേസമയം മറ്റുനിയമലംഘനങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 59 ശതമാനത്തോളമാണ് 2018-ല്‍ മാത്രം ഇത്തരം ലൈസന്‍സ് റദ്ദാക്കലുകളിലുണ്ടായ വര്‍ധന. 8400 -ഓളം ലൈസന്‍സുകള്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് റദ്ദാക്കി. അമിതവേഗത, സിഗ്‌നലുകള്‍ തെറ്റിക്കല്‍, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയവയാണ് ഇതില്‍ ഭൂരിഭാഗം കേസുകളും.
നിയമലംഘനം ആവര്‍ത്തിക്കുമ്പോഴാണ് പോലീസ് ലൈസന്‍സ് റദ്ദുചെയ്യുന്നതിന് ഗതാഗതവകുപ്പിനോട് ശുപാര്‍ശ ചെയ്യുക. ഒട്ടേറെത്തവണ മുന്നറിയിപ്പ് നല്‍കിയിട്ടും നിയമ ലംഘനം ആവര്‍ത്തിക്കുന്നത് നഗരത്തിലെ റോഡുകളില്‍ അപകടം പെരുകുന്നതിലും ഇടയാക്കുന്നതായി പോലീസ് പറയുന്നു. കോളേജ് വിദ്യാര്‍ഥികളും യുവാക്കളുമാണ് നിയമം ലംഘിക്കുന്നവരില്‍ ഭൂരിഭാഗവും.
Content Highlights; Drunk driving, Traffic rule violations