ചെന്നൈ: തമിഴ്‌നാട്ടില്‍ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹന യാത്ര നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയതത് നാലുലക്ഷം കേസുകള്‍. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ മദ്രാസ് ഹൈക്കോടതി മുമ്പാകെ വിശദീകരിക്കുമ്പോഴാണ് തമിഴ്നാട് ട്രാഫിക് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധനകള്‍ കര്‍ശനമായി നടത്തുന്നുണ്ടെന്നും പിഴ തുക വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മോട്ടോര്‍വകുപ്പ് നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും ഉടന്‍ ഇത് നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രാഫിക് പോലീസ് കോടതിയെ അറിയിച്ചു.
ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണമായി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകനായ രാജേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിച്ച കോടതി ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാനെടുത്ത നടപടികള്‍ ട്രാഫിക് പോലീസ് അസി. കമ്മിഷണറും ഡെപ്യൂട്ടി കമ്മിഷണറും നേരിട്ട് ഹാജരായി വിശദീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടിയെടുക്കാന്‍ സാധിക്കില്ലേയെന്ന് വിശദീകരണം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചു. ഇതിന് നിയമഭേദഗതി വേണമെന്ന് പോലീസ് വ്യക്തമാക്കി.
ഹെല്‍മെറ്റ് ധരിക്കാത്തവരുടെ വാഹനം പിടിച്ചെടുക്കാന്‍ നിര്‍ദേശിച്ച കോടതി പോലീസുകാര്‍ നിയമം ലംഘിക്കുന്നതിനെയും വിമര്‍ശിച്ചു. പോലീസുകാര്‍ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്താല്‍ സസ്പെന്‍ഡ് ചെയ്യുമെന്നും ട്രാഫിക് പോലീസ് കോടതിയെ അറിയിച്ചു. ഹെല്‍മെറ്റ് വിഷയത്തിലുള്ള വിശദീകരണം രേഖാമൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ 12-ലേക്ക് മാറ്റി.
Content HIghlights; Traffic Rule Violations, Driving without helmat