ഡല്‍ഹി: മാന്‍ഡി ഹൗസ് മെട്രോ സ്‌റ്റേഷന് സമീപം അമിത വേഗയില്‍ പായുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മതിലില്‍ ഇടിച്ച് ഇരുപത്തിനാലുകാരന് ദാരുണാന്ത്യം. വിവേക് വിഹാര്‍ സ്വദേശി ഹിമന്‍ഷു ബന്‍സാലാണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പാര്‍ട്ടി കഴിഞ്ഞ് മടങ്ങവരുമ്പോഴാണ് അപകടമുണ്ടായത്. സൂപ്പര്‍ ബൈക്കില്‍ അമിത വേഗതയില്‍ മുന്നിലുള്ള വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ വഴിമുറിച്ചു കടക്കുകയായിരുന്ന മധ്യവയസ്‌കനെ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ടാണ് ബൈക്ക് സമീപമുള്ള മതിലില്‍ ഇടിച്ചു തെറിച്ചത്.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ ബന്‍സാലിനെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. രണ്ടു ബൈക്കുകളിലായി ഒപ്പമുണ്ടായിരുന്ന സൂഹൃത്തുക്കളുടെ ഹെല്‍മറ്റില്‍ ഫിറ്റ് ചെയ്ത ക്യാമറയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഏകദേശം 4-5 ലക്ഷം രൂപ വിലമതിക്കുന്ന മണിക്കൂറില്‍ ഇരുന്നൂറ് കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന സൂപ്പര്‍ ബൈക്കാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ബെന്‍സാല്‍ ഓടിച്ചിരുന്ന ബെനെലി TNT 600i സൂപ്പര്‍ബൈക്ക് ഭാഗികമായി തകര്‍ന്നു.
Share this Article
Related Topics