ദേശീയപാതകളിലെ ടോള്‍പിരിവിന് ഫാസ്ടാഗ് ഏര്‍പ്പെടുത്തിയതിന്റെ ആദ്യദിനത്തില്‍ മിക്കയിടങ്ങളിലും കണ്ടത് ആശയക്കുഴപ്പം. 25 ശതമാനം വാഹനങ്ങള്‍ മാത്രമാണ് ടാഗ് പതിപ്പിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന കണക്ക്. വൈറ്റിലയ്ക്കും അരൂരിനും ഇടയിലുള്ള കുമ്പളം പ്ലാസയിലെ എട്ടുവരികളില്‍ രണ്ടെണ്ണം മാത്രമാണ് ഫാസ്ടാഗ് പതിപ്പിച്ച വാഹനങ്ങള്‍ക്കായി ക്രമീകരിച്ചത്. ബാക്കി ആറു ട്രാക്കുകളിലൂടെയും ടാഗ് ഇല്ലാതെയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.
ഇരട്ടിത്തുക ടാഗ് ട്രാക്കില്‍മാത്രം
ഫാസ്ടാഗ് പതിപ്പിച്ച വാഹനങ്ങള്‍ക്കുമാത്രമായുള്ള ട്രാക്കിലൂടെ ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ വന്നാല്‍ ഇരട്ടിത്തുക ഈടാക്കും. ആദ്യദിനത്തില്‍ ഈനിയമം അത്ര കര്‍ശനമായി പലയിടത്തും നടപ്പാക്കിയില്ല. ഫാസ്ടാഗിനായി ക്രമീകരിച്ച ട്രാക്കുകളുടെ സൂചനാബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ട്രാക്കു തെറ്റിച്ചെത്തിയ വാഹനങ്ങള്‍ക്ക് താക്കീത് നല്‍കി വിട്ടയച്ചു. എന്നാല്‍ മനഃപൂര്‍വം ട്രാക്കു തെറ്റിച്ച വാഹനങ്ങള്‍ക്ക് ഇരട്ടിത്തുക ഈടാക്കിയെന്നും അധികൃതര്‍ പറഞ്ഞു.
കാശുപോയ 'ലോക്കല്‍സ്'
'നാട്ടുകാരനെന്ന നിലയില്‍ എനിക്കു ടോള്‍പ്ലാസയിലൂടെ ഇതുവരെ സൗജന്യമായി കടന്നുപോകാന്‍ കഴിയുമായിരുന്നു. ഫാസ്ടാഗ് എടുത്തതോടെ യാത്രയില്‍ കാശുപോകുകയാണ്...' ടോള്‍പ്ലാസയിലൂടെ കടന്നുവന്ന കുമ്പളം സ്വദേശി അന്‍സാദ് പറഞ്ഞു. 250 രൂപ നല്‍കിയാണ് അന്‍സാദ് ടോള്‍പ്ലാസ ഓഫീസില്‍നിന്ന് കാര്‍ഡ് വാങ്ങിയത്. 50 രൂപ സര്‍വീസ്ചാര്‍ജായി ഈടാക്കി ബാക്കി 200 രൂപ അക്കൗണ്ടിലുണ്ടെന്നുമാണ് അറിയിപ്പുവന്നത്. സൗജന്യമായി കടന്നുപോകാമായിരുന്ന ടോള്‍പ്ലാസയിലൂടെ ഞായറാഴ്ച ഉച്ചയ്ക്ക് 12.39-ന് കടന്നുപോയ അന്‍സാദിന് ഉച്ചയ്ക്ക് 2.27-ന് വന്ന ഫോണ്‍ മെസേജ് പ്രകാരം 35 രൂപ പോയി.
നാട്ടുകാരുടെ ചീത്തകേള്‍ക്കുന്നവര്‍
ആദ്യദിനത്തില്‍ 'വയറുനിറച്ച്' ചീത്തകേട്ടതിന്റെ സങ്കടത്തിലായിരുന്നു ടോള്‍പ്ലാസയിലെ ജീവനക്കാര്‍. 'ഫാസ്ടാഗ് രാജ്യത്തു കൊണ്ടുവന്ന നിയമമാണ്. അതുനടപ്പാക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ടോളിനെ എതിര്‍ക്കുന്ന നാട്ടുകാര്‍ ചീത്തപറയുകയാണ്. ഗതാഗതം സൗകര്യപ്രദമായി നടപ്പാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പക്ഷേ അതൊന്നും നാട്ടുകാര്‍ കാണുന്നില്ല. രാവിലെ മുതല്‍ ആളുകള്‍ ചീത്തപറയുകയാണ്.. കാലുവെട്ടുമെന്നുവരെ ചിലര്‍ പറഞ്ഞു' ടോള്‍പ്ലാസ സി.ഇ.ഒ. സഹദേവ് പറഞ്ഞു.
പ്രശ്‌നങ്ങള്‍തീരാനുണ്ട്
ലോക്കല്‍പാസ് ഉള്ളവരുടെ കാര്യത്തിലാണ് വ്യക്തത വരാനുള്ളത്. അവരുടെ അക്കൗണ്ടില്‍നിന്ന് പോകുന്ന പണം തിരികെക്കൊടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോയെന്ന് വ്യക്തമല്ല. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, വാഹനത്തിന്റെ ആര്‍.സി. എന്നിവയുടെ പകര്‍പ്പ് നല്‍കി പലരും അപേക്ഷ നല്‍കിയിട്ടുണ്ട്. ടാഗ് വാങ്ങി പോക്കറ്റിലിട്ടുനടന്നാല്‍ ഓരോതവണ ടോള്‍പ്ലാസ കടക്കുമ്പോഴും കാശുപോകും.
Content Highlights: Confusions Over Fastag implementation in india