അടുത്ത വര്‍ഷത്തോടെ നിരത്തില്‍ 70 ലക്ഷം വൈദ്യുതിവാഹനങ്ങളെന്ന ലക്ഷ്യത്തിലേക്ക് രാജ്യം നീങ്ങുമ്പോള്‍ അതില്‍ പങ്കാളികളാകാന്‍ സ്വകാര്യസംരംഭകരും. കേന്ദ്രത്തിന്റെ സാമ്പത്തികസഹായവും പ്രോത്സാഹനവുമാണ് ഇത്തരം സ്വകാര്യപങ്കാളിത്തത്തിന് കാരണം.
ഗുണമേറിയതും വലുപ്പവും വിലയും കുറഞ്ഞതുമായ വാഹനബാറ്ററി നിര്‍മിക്കാനുള്ള പഠനഗവേഷണങ്ങള്‍ക്ക് ചെലവിന്റെ 60 ശതമാനത്തോളം കേന്ദ്രം നല്‍കും. ബാറ്ററിവാഹന വികസനത്തിനായി കേന്ദ്രം ഇപ്പോള്‍ വകയിരുത്തിയ 23,500 കോടിയില്‍ സ്വകാര്യസംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള തുകയും ഉള്‍പ്പെടും.
വൈദ്യുതിവാഹനങ്ങളുടെ നിര്‍മാണത്തില്‍ വെല്ലുവിളിയായ ശേഷിയേറിയ ചെറിയ ബാറ്ററി നിര്‍മിക്കാനുള്ള പ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്. നിലവിലുള്ളത് ലിഥിയം അയോണ്‍ ബാറ്ററികളാണ്. ഇത്തരം വാഹനബാറ്ററി നിര്‍മിക്കുന്ന കേരളത്തില പ്രഥമ യൂണിറ്റ് തൃശ്ശൂരിലും പ്രവര്‍ത്തനം തുടങ്ങുകയാണ്. ബാറ്ററി നിര്‍മാണക്കമ്പനിയായ ഹൈക്കോണാണ് തൃശ്ശൂരില്‍ വാഹന ലിഥിയം അയോണ്‍ ബാറ്ററി നിര്‍മിക്കുന്നത്.
2012-ല്‍ തുടക്കമിട്ട നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പദ്ധതിപ്രകാരമാണ് രാജ്യത്ത് 2020-ല്‍ 70 ലക്ഷം വൈദ്യുതിവാഹനങ്ങള്‍ എന്ന ലക്ഷ്യമിട്ടത്. 2030-ല്‍ ഇന്ത്യയിലെ നിരത്തുകളില്‍ വൈദ്യുതിവാഹനങ്ങള്‍ മാത്രം എന്നതാണ് ലക്ഷ്യം.
ഇന്ത്യയിലെ വാഹനലോകത്തിന്റെ ചില കണക്കുകള്‍
- ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഓട്ടോമൊബൈല്‍ വ്യവസായമുള്ളത് ഇന്ത്യയില്‍
- 2021-ല്‍ ഏറ്റവും വലിയ മൂന്നാമത്തെ ഓട്ടോമൊബൈല്‍ വ്യവസായരാജ്യമാകും ഇന്ത്യ
- ഇന്ത്യയില്‍ വാഹനപ്പെരുപ്പത്തില്‍ വര്‍ഷംതോറുമുണ്ടാകുന്ന വര്‍ധന 14.39 ശതമാനം
- രാജ്യത്തെ വാഹനങ്ങളില്‍ 75 ശതമാനവും ഇരുചക്രവാഹനങ്ങള്‍
- ഇന്ത്യ ഒരുദിവസം ഉപയോഗിക്കുന്നത് 46 ലക്ഷം ബാരല്‍ (73.14 കോടി ലിറ്റര്‍) ക്രൂഡ് ഓയില്‍
- ഇന്ത്യയില്‍ ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നു
- വായുമലിനീകരണം കൂടുതലുള്ള ലോകത്തിലെ പത്ത് നഗരങ്ങളില്‍ ആറും ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടന
- ഇന്ത്യയില്‍ പരിസ്ഥിതിമലിനീകരണത്തില്‍ ഏറ്റവും പങ്കുവഹിക്കുന്നത് ഇന്ധനവാഹനങ്ങള്‍