അനധികൃത ബസ് സര്‍വീസ്‌; ബുക്കിങ് സൈറ്റുകള്‍ നിയന്ത്രിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് ആവശ്യപ്പെടാം


1 min read
Read later
Print
Share

അംഗീകൃത സ്റ്റേജ്കാര്യേജുകള്‍ക്ക് മാത്രമാണ് ടിക്കറ്റ് വില്‍ക്കാനും റൂട്ട് പരസ്യപ്പെടുത്തി ബസ് ഓടിക്കാനും അനുമതിയുള്ളത്.

പ്രത്യേകം ടിക്കറ്റ് നല്‍കി, പെര്‍മിറ്റില്ലാതെ സ്റ്റേജ് കാര്യേജായി ഓടാന്‍ അന്തസ്സംസ്ഥാന ബസുകാരെ സഹായിക്കുന്ന ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന് കഴിയുമെന്ന് നിയമവിദഗ്ധര്‍.

അംഗീകൃത സ്റ്റേജ്കാര്യേജുകള്‍ക്ക് മാത്രമാണ് ടിക്കറ്റ് വില്‍ക്കാനും റൂട്ട് പരസ്യപ്പെടുത്തി ബസ് ഓടിക്കാനും അനുമതിയുള്ളത്. ഇവരുടേതല്ലാത്ത ടിക്കറ്റുകള്‍ വില്‍ക്കുന്നതും ബുക്കിങ് സ്വീകരിക്കുന്നതും നിയമവിരുദ്ധമാണ്.

ഒട്ടേറെ ഓണ്‍ലൈന്‍ ബുക്കിങ് വെബ്സൈറ്റുകളുണ്ട്. ഇവയുടെ സേവനം സ്റ്റേജ് കാര്യേജുകള്‍ക്ക് മാത്രമായി നിജപ്പെടുത്താന്‍ ആവശ്യപ്പെടാം. പാലിച്ചില്ലെങ്കില്‍ നിയവിരുദ്ധ ഇടപാട് ചൂണ്ടിക്കാട്ടി കേന്ദ്ര ഐ.ടി. മന്ത്രാലയത്തിന് പരാതി നല്‍കാം. ഇതു സംബന്ധിച്ച് മോട്ടോര്‍വാഹനവകുപ്പ് നിയമോപദേശം തേടി.

സ്റ്റേജ് കാര്യേജ് നിയമം ലംഘിക്കാന്‍ ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകളെയാണ് സ്വകാര്യബസുകാര്‍ ആശ്രയിക്കുന്നത്. മിക്ക ടൂര്‍ഓപ്പറേറ്റര്‍മാര്‍ക്കും ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനമുണ്ട്. ഇതില്‍ ഓരോ റൂട്ടിലെയും ബസുകളുടെ സമയപ്പട്ടികയും സ്റ്റോപ്പും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ദിവസ സര്‍വീസുകളാണെന്ന് പറഞ്ഞാണ് ടിക്കറ്റ് വില്പന.

ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും സ്ഥലം നിശ്ചയിച്ച് നല്‍കുന്നുമുണ്ട്. സ്റ്റേജ് കാര്യേജിന് സമാനമായി പോയന്റുകള്‍ നിശ്ചയിച്ച് നിരക്ക് ഈടാക്കാനും ടിക്കറ്റ് നല്‍കാനും സഹായിക്കുന്നത് ഓണ്‍ലൈന്‍ സംവിധാനമാണ്.

മോട്ടോര്‍വാഹന നിയമപ്രകാരമുള്ള സ്റ്റേജ്കാര്യേജ് പെര്‍മിറ്റ് വ്യവസ്ഥകളാണ് സ്വകാര്യബസുകാര്‍ ലംഘിക്കുന്നത്. വെബ്സൈറ്റുകള്‍ക്കെതിരേ നേരിട്ട് നടപടിയെടുക്കാനാണ് പരിമിതിയുള്ളത്.

ഐ.ടി. നിയമപ്രകാരം നിലവിലുള്ള നിയമങ്ങള്‍ ലംഘിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഇത് ചൂണ്ടിക്കാട്ടി മോട്ടോര്‍വാഹന വകുപ്പിന് വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ആവശ്യപ്പെടാമെന്നും വിദഗ്ധര്‍ പറയുന്നു.

Content Highlights: Booking Site For Interstate Bus Services

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram