ബി.എം.ടി.സി.യുടെ വൈദ്യുതബസുകള്‍ നിരത്തിലിറക്കാനുള്ള പദ്ധതി വൈകുന്നതിനാല്‍ കേന്ദ്ര സബ്സിഡി ലഭിക്കാനുള്ള സാധ്യത മങ്ങുന്നു. ബസുകള്‍ സ്വന്തമായി വാങ്ങണോ അല്ലെങ്കില്‍ പാട്ടത്തിനെടുക്കണമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്തതിനാലാണ് പദ്ധതി വൈകുന്നത്.
ആദ്യഘട്ടത്തില്‍ 80 ബസുകള്‍ നിരത്തിലിറക്കാനാണ് ബി.എം.ടി.സി. ലക്ഷ്യമിടുന്നത്. ഇത്രയും ബസുകള്‍ക്കായി കേന്ദ്രത്തില്‍നിന്ന് 74.8 കോടി രൂപ സബ്സിഡി ലഭിക്കേണ്ടതാണ്. എന്നാല്‍, കേന്ദ്രത്തിന്റെ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ പദ്ധതി (എഫ്.എ.എം.ഇ.) അനുസരിച്ച് മാര്‍ച്ച് 31-നുള്ളില്‍ വൈദ്യുതവാഹനങ്ങള്‍ ഇറക്കിയില്ലെങ്കില്‍ സബ്സിഡി നഷ്ടമാകും.
ആശയക്കുഴപ്പം നിലനില്‍ക്കേ ബസുകള്‍ പാട്ടത്തിനെടുക്കാന്‍ ബി.എം.ടി.സി. കരാര്‍ വിളിച്ചിട്ടുണ്ട്. എന്നാല്‍ ബസുകള്‍ വാടകയ്ക്കെടുക്കാതെ സ്വന്തമായി വാങ്ങാനും ബി.എം.ടി.സി.യുടെ മേല്‍ സമ്മര്‍ദമേറുന്നുണ്ട്.
വൈദ്യുതബസുകള്‍ വാങ്ങാനുള്ള സാമ്പത്തികസ്ഥിതി നിലവില്‍ ഇല്ലാത്തതും ബസ് സര്‍വീസിനും അറ്റകുറ്റപ്പണിക്കും വേണ്ടത്ര പരിചയമില്ലാത്തതും പിന്നോട്ടടിപ്പിക്കുകയാണ്. എല്ലാ ബസുകളും വൈദ്യുതിയിലേക്കു മാറ്റിയാല്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാകുന്നതോടൊപ്പം ചെലവ് കുറയ്ക്കാനുമാകും.
2015-ലായിരുന്നു കേന്ദ്രം എഫ്.എ.എം.ഇ. പദ്ധതിയുടെ ആദ്യഘട്ടം തുടങ്ങിയത്. 60 ശതമാനമോ അല്ലെങ്കില്‍ ഒരുകോടി രൂപയോ സബ്സിഡി ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. 80 വൈദ്യുത ബസുകള്‍ ഇറക്കാന്‍ 74.8 കോടി രൂപയാണ് കേന്ദ്രം സബ്സിഡി നല്‍കേണ്ടത്.
എന്നാല്‍, പദ്ധതിയുടെ ഒന്നാംഘട്ടം മാര്‍ച്ചില്‍ പൂര്‍ത്തിയാകുന്നതിനാല്‍ അതിന് മുമ്പ് സബ്സിഡി ലഭിക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. അതേസമയം, ഹൈദരാബാദ് പോലുള്ള നഗരങ്ങളില്‍ വൈദ്യുത ബസുകള്‍ ഇറക്കിയിട്ടുണ്ട്.
ബെംഗളൂരുവില്‍ ഇക്കാര്യത്തില്‍ രണ്ടു മാസത്തിനുള്ളില്‍ തീരുമാനമാകുമെന്ന് ബി.എം.ടി.സി. ചെയര്‍മാന്‍ എന്‍.എ. ഹാരിസ് പറഞ്ഞു. രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതബസുകള്‍ ആദ്യം നിരത്തിലിറക്കിയത് 2014-ല്‍ ബി.എം.ടി.സി.യായിരുന്നു. തുടര്‍ന്ന് 2016-ല്‍ 150 ബസുകള്‍ ഇറക്കാന്‍ ബി.എം.ടി.സി. ബോര്‍ഡ് അനുമതി നല്‍കുകയും ആദ്യഘട്ടത്തില്‍ 80 ബസുകള്‍ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Contant Highlights: BMTC Electric Bus Service In Bangalore