തിരുവനന്തപുരം: ബ്ലൂടൂത്ത് വഴിയാണെങ്കിലും ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം നിയമവിരുദ്ധം. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് റെഗുലേഷനിലാണ് ഈ വ്യവസ്ഥ. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ മാത്രമല്ല മറ്റൊരുവിധത്തിലുള്ള ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിക്കാന്‍ പാടില്ലെന്ന് 37-ാം ഭേദഗതിയില്‍ പറയുന്നു.
2019-ലെ കേന്ദ്രമോട്ടോര്‍വാഹനനിയമഭേദഗതിയില്‍, ഡ്രൈവിങ്ങിനിടെ നേരിട്ട് മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുന്നത് വിലക്കി. ഭേദഗതിയിലെ 'നേരിട്ടെന്ന' പ്രയോഗമാണ് ബ്ലൂടൂത്ത്, ഹെഡ്സെറ്റുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന വാദത്തിന് ഇടയാക്കിയത്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ പറയുന്നു. 2017-ലെ ഡ്രൈവിങ് റെഗുലേഷന്‍സ് കേന്ദ്രനിയമഭേദഗതിക്കു മുന്നോടിയായി കൊണ്ടുവന്നതാണ്. ഇതിന് ഭേദഗതിയിലും സാധുതയുണ്ട്. ഇതുപ്രകാരം ഒരുവിധത്തിലുള്ള ആശയവിനിമയ സംവിധാനങ്ങളും ഡ്രൈവിങ്ങിനിടെ ഉപയോഗിക്കാന്‍ പാടില്ല.
വാഹനങ്ങളുമായി മൊബൈല്‍ഫോണ്‍ ബന്ധിപ്പിച്ച് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഇവയില്‍ സെന്ട്രല്കണ്സോളിലെ ടച്ച് സ്ക്രീനിലൂടെ മൊബൈല്‍ഫോണ്‍ നിയന്ത്രിക്കാം. കോള്‍ചെയ്യാനും സ്വീകരിക്കാനും കഴിയും. മൊബൈല്‍ഫോണോ ഹെഡ്സെറ്റോ എടുക്കാതെ സംസാരിക്കാം. വാഹനത്തിലെ സ്റ്റീരിയോസംവിധാനം ഇതിനുപയോഗിക്കാം. ഇതും അപകടങ്ങള്‍ക്കിടയാക്കുമെന്നാണ് കണ്ടെത്തിയത്. ഫോണ്‍ ചെയ്യണമെങ്കില്‍ ഡ്രൈവര്‍ ടച്ച് സ്ക്രീനില്‍ കൈയെത്തിക്കണം. ഈ ശ്രദ്ധതിരിയല്‍ അപകടകരമാണെന്ന് അധികൃതര്‍ പറയുന്നു.
Content Highlights; bluetooth calling while driving is a punishable offcence