ദീപാവലിനാളില്‍ ആഘോഷങ്ങളുടെ പൊലിമ മഴ കുറച്ചെങ്കിലും കോളടിച്ചത് ബെംഗളൂരു ട്രാഫിക് പോലീസിന്. ദീപാവലി ദിവസമായ ഒക്ടോബര്‍ 27-ന് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പിഴയിനത്തില്‍ 52 ലക്ഷം രൂപയാണ് ട്രാഫിക് പോലീസിന് ലഭിച്ചത്.
ഹെല്‍മെറ്റ് ഉപയോഗിക്കാതെ ഇരുചക്രവാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് കൂടുതല്‍ പേര്‍ക്കും പിഴ ചുമത്തിയത്. 16,000 പേരാണ് അന്ന് ട്രാഫിക് പോലീസിന്റെ പരിശോധനയില്‍ കുടുങ്ങിയത്.
ഉത്സവദിവസമായതിനാല്‍ കൂടുതല്‍ ട്രാഫിക് പോലീസുകാരെ നിരത്തുകളില്‍ നിയോഗിച്ചിരുന്നു. എം.ജി. റോഡ്, വിധാന്‍സൗധ, ട്രിനിറ്റി റോഡ്, മെജസ്റ്റിക് എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍ നിയമലംഘകരും പോലീസിന്റെ പിടിയിലായത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഡ്രൈവര്‍മാരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ഗതാഗത നിയമലംഘനത്തിന് വലിയതുക പിഴയായി ഈടാക്കിത്തുടങ്ങിയെങ്കിലും നിയമം ലംഘിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് ട്രാഫിക് പോലീസ് പറയുന്നു.
ശരാശരി ദിവസം 24.5 ലക്ഷം രൂപയാണ് പിഴയായി പിരിഞ്ഞുകിട്ടുന്നത്. പിഴത്തുകയില്‍ വര്‍ധന വരുത്തുന്നതിനുമുമ്പ് ഇത് 23 ലക്ഷം രൂപയായിരുന്നു. വര്‍ധിപ്പിച്ച പിഴത്തുക നിലവില്‍വന്നതിനുശേഷം നവംബര്‍ ആദ്യ ആഴ്ചവരെ 3,20,757 കേസുകളാണ് ട്രാഫിക് പോലീസ് രജിസ്റ്റര്‍ ചെയ്തത്. 7.9 കോടി രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു.
സെപ്റ്റംബര്‍ 12-നാണ് ഇതിനുമുമ്പ് പിഴത്തുക 50 ലക്ഷം കവിഞ്ഞത്. അന്നും കൂടുതല്‍ പോലീസുകാരെ പരിശോധനയ്ക്ക് നിയോഗിച്ചിരുന്നു.അതേസമയം ഗതാഗതനിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികള്‍ കൂടുതല്‍ വിപുലമാക്കാനും തീരുമാനമുണ്ട്. വിവിധ പ്രദേശങ്ങളില്‍ പുതുക്കിയ പിഴത്തുകയും പോലീസ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Content Highlights: Bangalore Police Get 52 Lakh Penalty During Diwali