ഡ്രൈവിങ് പരീക്ഷ കുറ്റമറ്റതാക്കാന്‍ ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ ആദ്യത്തെ ഓട്ടോമാറ്റിക് ഡ്രൈവിങ് പരീക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. മയൂര്‍വിഹാര്‍ ഫേസ് ഒന്ന്, വിശ്വാസ് നഗര്‍, സരായ് ഖാലെ ഖാന്‍, ശാകുര്‍ ബസ്തി എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍ തുടങ്ങിയത്. ഗതാഗതമന്ത്രി കൈലാഷ് ഗെഹ്ലോട്ട് ബുധനാഴ്ച ഇവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
മുന്‍കൂട്ടി അനുവദിക്കുന്ന സമയത്ത് മാത്രമേ ഓട്ടോമാറ്റിക് കേന്ദ്രത്തിലെ ഡ്രൈവിങ് പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കൂ. ശാസ്ത്രീയമായി നിര്‍മിച്ചതാണ് ഇവിടുത്തെ ട്രാക്ക്. ഉന്നതനിലവാരമുള്ള ക്യാമറകള്‍ വഴിയാണ് മൂല്യനിര്‍ണയം. കേന്ദ്രമോട്ടോര്‍ വാഹനനിയമം നിഷ്‌കര്‍ഷിക്കുന്ന 20 ഡ്രൈവിങ് രീതികള്‍ പരിശോധിക്കും.
പരീക്ഷയുടെ വീഡിയോദൃശ്യങ്ങള്‍ തത്സമയം റെക്കോഡ് ചെയ്യും. ഫലവും അപ്പോള്‍ തന്നെ അറിയാന്‍ സാധിക്കും. ഓണ്‍ലൈന്‍ വഴിയാണ് രജിസ്ട്രേഷന്‍. ഓട്ടോമാറ്റിക് ആയതിനാല്‍ കൃത്യമായ ഫലം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനുപുറമേ ഡ്രൈവിങ് പരീക്ഷ 100 ശതമാനം സുതാര്യമാകുമെന്നും ഗതാഗതവകുപ്പ് അവകാശപ്പെട്ടു.
സമാന്തര പാര്‍ക്കിങ്, ഇരുചക്രവാഹനങ്ങള്‍ക്കുള്ള എട്ടിന്റെ രൂപത്തിലുള്ള ട്രാക്ക്, എസ് രൂപത്തിലുള്ള ട്രാക്ക്, ട്രാഫിക് ജംങ്ഷന്‍, നാലുചക്ര വാഹനങ്ങള്‍ക്കുള്ള എച്ച് ട്രാക്ക്, ഓവര്‍ടേക്കിങ് കഴിവ് പരിശോധിക്കാനുള്ള ട്രാക്ക് തുടങ്ങിയവ കേന്ദ്രത്തിലുണ്ട്.
ഇരുചക്രവാഹന ലൈസന്‍സിനായി എത്തുന്നവര്‍ക്ക് അടിയന്തര ബ്രേക്കിങ്, നേരെയുള്ള ട്രാക്ക്, വളഞ്ഞുപുളഞ്ഞ ട്രാക്ക് തുടങ്ങിയവയിലൂടെയുള്ള പരീക്ഷകളും വിജയിക്കണം. പുറത്തേക്ക് പോവാന്‍ പ്രത്യേക വഴികള്‍ ഓരോ ട്രാക്കിലുമുണ്ടാകും. അതിനാല്‍, പരീക്ഷയില്‍ തോല്‍ക്കുന്നവര്‍ക്ക് മറ്റു മത്സരാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ പുറത്തുപോവാന്‍ സാധിക്കും.
മാരുതി സുസുക്കിയുടെ സഹകരണത്തോടെയാണ് ഗതാഗതവകുപ്പ് ഡ്രൈവിങ് പരീക്ഷാ കേന്ദ്രങ്ങള്‍ നിര്‍മിച്ചത്. അടുത്ത മൂന്നു വര്‍ഷത്തേക്ക് മാരുതിക്കാണ് കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല. രാജ്യത്തെ ഏറ്റവും അത്യാധുനികമായ ഓട്ടോമാറ്റിക് ഡ്രൈവിങ് പരീക്ഷാ കേന്ദ്രമാണ് ഡല്‍ഹിയിലേതെന്ന് അധികൃതര്‍ പറഞ്ഞു. നഗരത്തിലെ എട്ടിടങ്ങളില്‍ക്കൂടി സമാന കേന്ദ്രങ്ങള്‍ നിര്‍മിക്കും. ലാഡു സരായി, രാജ ഗാര്‍ഡന്‍, ഹരി നഗര്‍, ബുരാരി, ലോണി, രോഹിണി, ദ്വാരക, ജറോഡ കലാന്‍ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങള്‍ വരിക.
രാജ്യത്ത് പ്രതിവര്‍ഷം ഒന്നരലക്ഷം പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നൂവെന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷം ഡല്‍ഹിയില്‍ 6,516 റോഡപകടങ്ങള്‍ ഉണ്ടാവുകയും 1,690 പേര്‍ മരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് റോഡപകടങ്ങള്‍ 2020-ഓടെ 30 ശതമാനവും 2025-ഓടെ 80 ശതമാനവും കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഡല്‍ഹി സര്‍ക്കാര്‍ റോഡ് സുരക്ഷാ പോളിസി പുറത്തിറക്കിയിരുന്നു.
ഗതാഗതം, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, ട്രാഫിക് പോലീസ് തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തി വാര്‍ഷിക ആക്ഷന്‍ രൂപരേഖയും ഫെബ്രുവരിയില്‍ കൊണ്ടുവന്നു. റോഡുകള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് മാരുതിയുമായി ചേര്‍ന്ന് ഓട്ടോമാറ്റിക് ഡ്രൈവിങ് പരീക്ഷാ കേന്ദ്രങ്ങള്‍ നിര്‍മിച്ചതെന്ന് മന്ത്രി ഗെഹ്ലോട്ട് പറഞ്ഞു.
Content Highlights: Automatic Driving Test Centers In Delhi