'പഴയൊരില്ലം പൊളിച്ചുവിറ്റ് പുതിയൊരു ഓട്ടോറിക്ഷ വാങ്ങി കെ.എല്‍.സി. നൂറ്റിനാലെന്ന്' പേരിട്ട പുളിമനയ്ക്കല്‍ കുഞ്ഞുകുട്ടനെക്കുറിച്ച് ആറ്റൂര്‍ രവിവര്‍മയുടെ കവിതയുണ്ട്. പക്ഷേ, ഇത് കവിതയല്ല, കുമ്പിടി മേലെഴിയം പുത്തേടത്ത് കുഞ്ഞുകുട്ടന്റെ ജീവിതമാണ്.
പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ സ്വയംതൊഴില്‍ വായ്പയെടുത്താണ് കുഞ്ഞുകുട്ടന്‍ ഓട്ടോവാങ്ങിയത്. 27 വര്‍ഷം മുമ്പായിരുന്നു അത്. അന്നുതന്നെ കുഞ്ഞുകുട്ടന്‍ അതിന് പേരിട്ടു 'ആര്‍ട്ടിക്കിള്‍ 14'. രാജ്യത്തെ പല നഗരങ്ങളും ഗ്രാമങ്ങളും പൗരത്വ നിയമത്തിന്റെ പേരില്‍ സമരമുഖത്ത് നില്‍ക്കുമ്പോള്‍ ജാതിമതഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 14 നിയമത്തെ നെഞ്ചേറ്റി കുഞ്ഞുകുട്ടന്റെ ഓട്ടോ സാധാരണക്കാര്‍ക്കായി ഓടുന്നു.
നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നും ഇന്ത്യയ്ക്കകത്ത് എല്ലാവര്‍ക്കും തുല്യപരിരക്ഷയും ഉറപ്പു വരുത്തുന്ന ആര്‍ട്ടിക്കിള്‍ 14 എസ്.എസ്.എല്‍.സി. പഠനകാലത്താണ് കുഞ്ഞുകുട്ടന്‍ മനസ്സില്‍ കുറിച്ചിടുന്നത്. അന്നുതന്നെ ഭാവിയില്‍ ഒരു വാഹനം വാങ്ങുകയാണെങ്കില്‍ വാഹനത്തിന് ഈ നിയമത്തിന്റെ പേര് നല്‍കുമെന്ന് ഉറപ്പിച്ചു.
പ്രീഡിഗ്രി പഠനശേഷം സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായി ഓട്ടോറിക്ഷ വാങ്ങി. അന്ന് സുഹൃത്തും ചിത്രകാരനുമായ വി.പി. സുരേഷാണ് പേര് എഴുതിയത്. പിന്നീട് ഓട്ടോ പലതവണ മാറിമാറി വാങ്ങിയെങ്കിലും ആര്‍ട്ടിക്കിള്‍ 14 എന്ന പേരിന് കുഞ്ഞുകുട്ടന്‍ മാറ്റം വരുത്തിയിട്ടില്ല.
പേരു കണ്ട് കൗതുകം തോന്നി എന്താണ് ആര്‍ട്ടിക്കിള്‍ എന്ന് ചോദിക്കുന്നവര്‍ക്കെല്ലാം വിശദമായ മറുപടിയും കിട്ടും. ഓട്ടോ ഓടിക്കുന്നതിന് പുറമേ കൃഷിയിലും പൊതുപ്രവര്‍ത്തനത്തിലും മുന്നിലാണ് കുഞ്ഞുകുട്ടന്‍. കുറ്റിപ്പുറം റോഡിലെ ആലിന്‍ചുവട് മുതല്‍ പള്ളിപ്പടി വരെയുള്ള റോഡരികിലെ തണല്‍മരങ്ങളെയെല്ലാം വേരുപിടിപ്പിച്ചത് കുഞ്ഞുകുട്ടന്റെ കൈകളാണ്.
ആനക്കര പഞ്ചായത്തിലെ മേലെഴിയം പുത്തേടത്ത് വളപ്പില്‍ പരേതരായ ചാത്തയുടെയും കാളിയുടെയും മകനാണ് കുഞ്ഞുകുട്ടന്‍. ഭാര്യ വിജയയും ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ പവിത്രയും ആനക്കര സ്വാമിനാഥ ഡയറ്റ് ലാബ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി വിശ്വജിത്തുമടങ്ങുന്ന കുടുംബം കുഞ്ഞുകുട്ടന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമുണ്ട്.
Content Highlights: Article 14 Is The Name Autorikshaw Owned By Kunjukuttan