പയ്യന്നൂര്‍: മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നല്‍പരിശോധനയില്‍ 60 ബസ്സുകള്‍ക്കെതിരെ കേസ്. പയ്യന്നൂര്‍, തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡുകളിലാണ് ചൊവ്വാഴ്ച സ്‌ക്വാഡ് പരിശോധന നടത്തിയത്. മോട്ടോര്‍വാഹനവകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ശക്തിപ്പെടുത്തുന്നതിന് സേഫ് കേരള പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു ഇത്.
മ്യൂസിക് സിസ്റ്റവും എയര്‍ഹോണും ഉപയോഗിക്കുകയും സീറ്റുകള്‍ സംവരണംചെയ്ത് നീക്കിവെക്കാത്തതുമായ ബസ്സുകളാണ് നടപടി നേരിട്ടത്. കാഴ്ചയ്ക്ക് തടസ്സമാകുന്ന തരത്തില്‍ സ്ഥാപിച്ചിരിക്കുന്ന അലങ്കാരങ്ങളും നീക്കംചെയ്യാനും നിര്‍ദേശമുണ്ട്. വേഗമാനകം വിച്ഛേദിച്ചിട്ടുള്ളവയ്ക്കെതിരെയും കേസെടുത്തു.
എം.വി.എ.മാരായ പി.സുധാകരന്‍, പി.ശ്രീനിവാസന്‍, എന്‍.ആര്‍.റിജിന്‍, ടി.പി.വത്സരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ച് എ.എം.വി.ഐ.മാരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം കണ്ണൂര്‍, തലശ്ശേരി ബസ്സ്റ്റാന്റുകളില്‍ നടത്തിയ പരിശോധനയില്‍ 80 ബസ്സുകള്‍ക്കെതരിരെ നടപടി എടുത്തിരുന്നു.
മൂന്നു ദിവസത്തിനകം ഹാജരാക്കണം
ബസ്സില്‍ സ്ഥാപിച്ചിരിക്കുന്ന മ്യൂസിക് സിസ്റ്റം, എയര്‍ഹോണുകള്‍ തുടങ്ങിയവ അഴിച്ചുമാറ്റി മൂന്നു ദിവസത്തിനകം അതത് ആര്‍ടി ഓഫീസുകളില്‍ പരിശോധനയ്ക്ക് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. വിശദാംശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ആര്‍ടിഒയ്ക്ക് കൈമാറും.
Content Highlights; Air horn, music system; MVD takes action against 60 buses