ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍നിന്ന് ചാടി പാരച്യൂട്ടിന്റെ സഹായത്തോടെ താഴ്ന്നിറങ്ങുന്ന സ്കൈ ഡൈവിങ്ങിന് ആരാധകരേറെയാണ്. ചെലവേറും എന്നതാണ് ഈ വിനോദത്തിനുള്ള തടസ്സം. ഇതിന് പരിഹാരമായി എത്തിയിരിക്കുകയാണ് ലാത്വിയയിലെ സ്വകാര്യ സ്ഥാപനം. ഡ്രോണുകള്‍ എന്നറിയപ്പെടുന്ന ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ആകാശച്ചാട്ടം നടത്താനുള്ള അവസരമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്.
ആദ്യമായി ഡ്രോണ്‍ ഡൈവിങ് നടത്തിയതിന്റെ നേട്ടവും ഇതോടൊപ്പം കമ്പനി സ്വന്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച ലാത്വിയയിലെ മലി മേഖലയിലായിരുന്നു ലോകത്തെ ആദ്യത്തെ ഡ്രോണ്‍ ഡൈവിങ് നടന്നത്. 28 പ്രൊപ്പല്ലറുകള്‍ ഉപയോഗിച്ചുള്ള എയറോന്‍സ് എന്ന ആളില്ലാവിമാനമാണ് ഇതിനായി ഉപയോഗിച്ചത്. 23 ലക്ഷമാണ് ഇതിന്റെ ഏകദേശ വില. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇവന് 200 കിലോ വരെ ഭാരം ഉയര്‍ത്താനുമാകും.
1,082 അടി ഉയരത്തില്‍ നിന്ന് ചാടിയ സ്കൈ ഡൈവറായ ഇന്‍ഗുസ് അഗസ്റ്റ്ക്ളാന്സ് ആണ് ആദ്യ ഡ്രോണ്‍ ഡൈവര്‍ എന്ന പദവി സ്വന്തമാക്കിയത്. ഡ്രോണില്‍ പ്രത്യേകമൊരുക്കിയ കൈപ്പിടിയോടുകൂടിയ സംവിധാനത്തില്‍ തൂങ്ങിക്കിടന്നാണ് ഇന്‍ഗുസ് 1,082 അടി ഉയരത്തിലെത്തിയത്. ആളില്ലാ വിമാനങ്ങളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിട്ടതെന്ന് എയറോന്‍സ് വക്താവ് പറഞ്ഞു.
ഫോട്ടോ; AFP/GettyImage. Aerones