ഏപ്രില്‍ ഒന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് അമ്പത് ശതമാനം നികുതിയിളവ് ലഭിക്കും. സാധാരണ ഓട്ടോകള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് 2,000 രൂപ നികുതി അടയ്‌ക്കേണ്ടിവരുമ്പോള്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് 1,000 രൂപ അടച്ചാല്‍ മതിയാവും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് അവയുടെ നികുതി കുറച്ചത്. ഓട്ടോറിക്ഷയല്ലാത്ത മറ്റ് എല്ലാത്തരം ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ക്കും 25 ശതമാനം നികുതി കുറച്ച് അടച്ചാല്‍ മതി. ആദ്യ അഞ്ചുവര്‍ഷത്തേക്കാണ് ഇളവ്.
15 വര്‍ഷത്തേക്ക് ഒറ്റത്തവണ നികുതി അടയ്‌ക്കേണ്ട വാഹനങ്ങള്‍ക്ക് ആദ്യ അഞ്ചുവര്‍ഷത്തെ നികുതിയില്‍ നിന്ന് 25 ശതമാനം കുറച്ച് ബാക്കി പത്തുവര്‍ഷത്തെ നികുതിയും ചേര്‍ത്താണ് അടയ്‌ക്കേണ്ടത്.
അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ വാഹനനികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കൊല്ലം ഡിസംബര്‍ 31-വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ നികുതി കുടിശ്ശിക അടയ്ക്കാം.
Content Highlights: 50 Percent Tax Relaxation For Electric Auto