തൃശ്ശൂര്‍: മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകളില്‍ കണ്ടെത്തിയ നിയമലംഘനങ്ങളുടെ പിഴത്തുകയില്‍ പിരിഞ്ഞുകിട്ടാനുള്ളത് 34.82 കോടി രൂപ. അഞ്ചുവര്‍ഷത്തിനിടെ 14,96,762 നിയമലംഘനങ്ങളാണ് സംസ്ഥാനത്തെ ക്യാമറകളില്‍ പതിഞ്ഞത്. ഇക്കണക്കില്‍ അടയ്‌ക്കേണ്ടിയിരുന്നത് 64,56,63,400 രൂപയാണ്. എന്നാല്‍, അടച്ചത് 29,74,39,200 രൂപമാത്രം. 34,82,24,200 രൂപ കുടിശ്ശിക.
ആര്‍.ടി. ഓഫീസുകളിലെ ജീവനക്കാരാണ് കുടിശ്ശിക പിരിച്ചെടുക്കാനുള്ള തുടര്‍നടപടികകള്‍ ചെയ്യേണ്ടത്. എന്നാല്‍, ജീവനക്കാര്‍ കുറവായതും വാഹനങ്ങളുടെ എണ്ണപ്പെരുക്കവുംമൂലം നിയമലംഘനങ്ങള്‍ സര്‍വറുകളില്‍തന്നെ ഇരിക്കും.
പിന്നെ പിടിക്കുക പ്രയാസം
കെല്‍ട്രോണിന്റെ പേമെന്റ് സര്‍വീസ് മൊഡ്യൂള്‍ (പി.എസ്.എം.) സോഫ്റ്റ്വേറാണ് നോട്ടീസ് തയ്യാറാക്കുന്നത്. ഇതിന് നിലവില്‍ ആര്‍.ടി. ഓഫീസിലെ സോഫ്റ്റ്വേറായ സ്മാര്‍ട്ട്മൂവുമായി ബന്ധമില്ല. സ്മാര്‍ട്ട്മൂവില്‍നിന്ന് വാഹന്‍ എന്ന് സോഫ്റ്റ്വേറിലേക്കുള്ള മാറ്റം നടക്കുകയാണ്. പി.എസ്.എമ്മില്‍നിന്നുള്ള ലിങ്ക് സ്മാര്‍ട്ട്മൂവില്‍ ഉണ്ടെങ്കില്‍ ലംഘനം നടത്തിയ വണ്ടിക്ക് എതിര്‍പത്രം (ഒബ്ജക്ഷന്‍) രേഖപ്പെടുത്താം. അതില്ലാത്തതിനാല്‍ ഈ വണ്ടി പിന്നീട് ടെസ്റ്റിങ്ങിനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഓഫീസില്‍ കൊണ്ടുചെന്നാലും അറിയാതെപോവും.
ക്യാമറകള്‍ 240
സംസ്ഥാനത്ത് ഹൈവേകളില്‍ 240 ക്യാമറകളാണുള്ളത്. ഇവയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വകുപ്പിലുള്ളവര്‍പോലും സമ്മതിക്കാറില്ല. എറണാകുളത്തും കൊച്ചിയിലുമുള്ള കണ്‍ട്രോള്‍റൂമുകളിലാണ് അതിവേഗത്തിന്റെ വിവരങ്ങള്‍ എത്തുക. ക്യാമറകള്‍ സ്ഥാപിച്ച കെല്‍ട്രോണിന്റെ ജീവനക്കാരാണ് കണ്‍ട്രോള്‍ റൂമുകളിലുണ്ടാവുക. തിരുവനന്തപുരത്തെ നിയമലംഘനം കൊച്ചിയിലെ കണ്‍ട്രോള്‍റൂമില്‍നിന്ന് പ്രിന്റെടുത്ത് വാഹന ഉടമയ്ക്ക് അയയ്ക്കുന്നതും അവരാണ്. അടുത്തുള്ള ആര്‍.ടി. ഓഫീസില്‍ പിഴത്തുക അടയ്ക്കാനാണ് നോട്ടീസിലുള്ളത്. അടച്ചില്ലെങ്കില്‍ പിന്നീട് ഒരു നോട്ടീസ് അയക്കേണ്ടത് ആര്‍.ടി. ഓഫീസ് ജീവനക്കാരാണ്. എന്നാല്‍, അതുണ്ടാവാറില്ല. അതിനാല്‍ അടയ്ക്കാത്തവര്‍ രക്ഷപ്പെടും.
Content Highlights; 15 lakh traffic rule violations occured within 5 years, 34.82 crore arrears